മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗ്‌സ് ഇതുവരെ കവര്‍ന്നത് 52 പേരുടെ ജീവന്‍ !

മുംബൈ: ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) അണുബാധ മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ 52 പേര്‍ മരിച്ചുവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വര്‍ഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള കണക്കാണിത്. മരണമടഞ്ഞവരെല്ലാം കോവിഡിനെ അതിജീവിച്ചവരാണ്.

ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് മൂലമുണ്ടായ മരണങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നത്. മലേറിയ പോലുള്ള രോഗമല്ലാത്തതിനാല്‍ ബ്ലാക്ക് ഫംഗസിന്റെ ഡേറ്റ ബേസ് ആരോഗ്യവകുപ്പ് സൂക്ഷിക്കാറില്ലായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം വ്യാപന കാലത്ത് ഭീഷണിയായതിനെ തുടര്‍ന്നാണ് കണക്കെടുപ്പ് നടത്തിയത്.

ഈ വര്‍ഷമാണ് കൂടുതല്‍ മരണങ്ങളും നടന്നിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് 2,000 ബ്ലാക്ക് ഫംഗസ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 18 മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നുള്ള ആശുപത്രികളില്‍ പ്രത്യേക ബ്ലാക്ക് ഫംഗസ് വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

Top