കേരളമില്ലാതെ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക; ഇത്തവണ ഗഡ്കരി ഇടംപിടിച്ചു, നാഗ്പുരിൽ മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. വിവിധ സംസ്ഥാനങ്ങളിലെ 72 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടം പിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി രണ്ടാം പട്ടികയിൽ ഇടംപിടിച്ചു. അദ്ദേഹം സിറ്റിങ് സീറ്റായ നാഗ്പൂരിൽത്തന്നെ മത്സരിക്കും. 2014ലെയും 2019 ലെയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതിൻ ഗഡ്കരി നാഗ്പൂർ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. മൂന്നാംവട്ടവും നാഗ്‍പൂരിൽ ഗഡ്കരിയെ തന്നെ ബിജെപി ഇറക്കിയിരിക്കുകയാണ്.

കേന്ദ്രമന്ത്രി പ്രഹ്‍ളാദ് ജോഷി കർണാടകയിലെ ധർവാഡിൽനിന്നും പീയുഷ് ഗോയല്‍ മുംബൈ നോർത്തിൽനിന്നും മത്സരിക്കും. മുൻ പ്രധാനമന്ത്രി കൂടിയായ ജനതാദൾ നേതാവ് എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൻ സി.എൻ.മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. അതേസമയം, കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ രണ്ടാം പട്ടികയിലില്ല.

മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർനാലിൽനിന്നും മത്സരിക്കും. കർനാലിലെ എംഎൽഎയായിരുന്ന മനോഹർലാൽ ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ തന്റെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. മണിക്കൂറുകൾക്കു പിന്നാലെ പ്രഖ്യാപിച്ച പട്ടികയിൽ മനോഹർലാലും ഇടംപിടിച്ചു. കർണാടകയിൽ പ്രതാപ് സിൻഹയ്ക്ക് സീറ്റില്ല.

കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഹവേരിയിലും യെഡിയൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര ഷിമോഗയിലും അശോക് തൻവർ ഹരിയാനയിലെ സിർസയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും പങ്കജമുണ്ടെ ബീഡിലും മത്സരിക്കും. മഹാരാഷ്ട്രയിൽ സിറ്റിങ് സീറ്റുകളിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Top