യൂണീഫോമിന് മുകളിൽ ബിജെപിയുടെ സ്കാര്‍ഫ്; യുപിയിലെ പൊലീസുകാരനെതിരെ അന്വേഷണം

ലക്നോ: യൂണീഫോമിന് മുകളിൽ ബിജെപിയുടെ താമര ചിഹ്നമുള്ള സ്കാര്‍ഫ് കഴുത്തിലണിഞ്ഞ പൊലീസുകാരന്റെ ചിത്രം വൈറലായതോടെ അന്വേഷണത്തിന് ഉത്തരവ്. ഉത്തര്‍പ്രദേശിലെ പുരാൻപുര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ അശുതോഷ് രഘുവൻഷിയുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ഭരണപാര്‍ട്ടിയായ ബിജെപിയുടെ താമര ചിഹ്നമുള്ള സ്കാര്‍ഫാണ് അശുതോഷ് രഘുവൻഷി കഴുത്തിലണിഞ്ഞിട്ടുള്ളത്.

ഫെബ്രുവരി 20 ന് ഗജ്രൗള താനയിലാണ് സംഭവം നടന്നത്. എസ് എച്ച് ഒയെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു പി പൊലീസിലെ മുൻ ഇൻസ്‌പെക്ടർ ജനറൽ (ഐജി) അമിതാഭ് താക്കൂർ, സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡി ജി, ഐ ജി, എസ് പി ഉൾപ്പെടെയുള്ള വിവിധ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കിയിരുന്നു. അശുതോഷ് രഘുവൻഷിയുടെ പ്രവൃത്തി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റച്ചട്ടത്തിന്റെ തുറന്ന ലംഘനമാണെന്നാണ് ഇപ്പോള്‍ ‘അധികർ സേന’ എന്ന സോഷ്യൽ ഗ്രൂപ്പിന്റെ ദേശീയ പ്രസിഡന്റ് കൂടിയായ അമിതാഭ് താക്കൂർ പരാതിയില്‍ ഉന്നയിച്ചത്.

വളരെക്കാലം പൊലീസ് നേനയില്‍ സേവനമനുഷ്ഠിച്ചു. എന്നാല്‍, ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം പരസ്യമായി പ്രദർശിപ്പിക്കുന്ന ഒരു വ്യക്തിയെയും ഇതുവരെ കണ്ടിട്ടില്ല. ഇത് ജനങ്ങളുടെ മനസില്‍ പൊലീസുകാരെ കുറിച്ചുള്ള തെറ്റായ ചിത്രം സൃഷ്ടിക്കുമെന്നതിനാല്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും അമിതാഭ് താക്കൂർ പരാതിയില്‍ പറഞ്ഞു. പിലിഭിത് എസ് പി അതുൽ ശർമ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥലം മാറ്റം വന്നപ്പോള്‍ പൂക്കളും മധുരപലഹാരങ്ങളും നൽകാൻ നിരവധി നാട്ടുകാർ ഗജ്‌റൗളയിലെ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നാണ് അശുതോഷിന്റെ വിശദീകരണം. ഇതിനിടെ ചിലര്‍ തന്നെ സ്കാര്‍ഫ് ധരിപ്പിക്കുകയായിരുന്നുവെന്നും അശുതോഷ് പറഞ്ഞു.

Top