രജനികാന്ത് ബി.ജെ.പി പാളയത്തിലേക്ക് തന്നെ, പൂനം മഹാജൻ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നതിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി ബി.ജെ.പിയുടെ യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍ കൂടികാഴ്ച നടത്തി.

പോയസ് ഗാര്‍ഡനിലെ വസതിയിലെത്തിയാണ് പൂനം രജനികാന്തിനെ കണ്ടത്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടനെ ഉണ്ടാകുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ കൂടികാഴ്ച.

ഞാന്‍ കണ്ടതില്‍ ഏറ്റവും ലാളിത്യമുള്ള ദമ്പതികളാണ് ലാതാജിയും ,തലൈവയും എന്ന് പൂനം മഹാജന്‍ ട്വിറ്ററില്‍ കുറിച്ചു.

വിദ്യാഭ്യാസ പദ്ധതിയായ ഗ്ലോബല്‍ സിറ്റിസണുമായി രജനികാന്തിനൊപ്പം യോജിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും പിതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമോദ് മഹാജനും രജനികാന്തും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും പൂനം പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു നേതൃത്വ അഭാവം അനുഭവപ്പെട്ടപ്പോള്‍ രജനികാന്ത് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെങ്കില്‍ അത് എങ്ങനെയെന്ന് താന്‍ തന്നെ തീരുമാനിക്കുമെന്നാണ് രജനികാന്ത് അറിയിച്ചിരുന്നത്.

ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയുമായുള്ള രഹസ്യ ചര്‍ച്ചയ്‌ക്കൊടുവിലാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ സൂപ്പര്‍സ്റ്റാര്‍ തീരുമാനിച്ചിരുന്നത് എന്നതിനാല്‍ അദ്ദേഹം ഒടുവില്‍ ബിജെപി പാളയത്തില്‍ എത്തുമെന്ന് തന്നെയാണ് സൂചന.

ബിജെപി അഖിലേന്ത്യ പ്രസിഡന്റ് അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് പൂനം മഹാജന്‍ രജനിയുമായി കൂടികാഴ്ച നടത്തിയത്.

Top