യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് (പിഎംഎന്‍ആര്‍എഫ്)കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തുവെന്ന് ബിജെപി. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തുവരുന്നതിനിടെയാണ് പ്രത്യാരോപണങ്ങളുമായി ബിജെപിയും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

2005-2006, 2007-2008 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷനായി ചെലവഴിച്ചുവെന്നാണ് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണം.

‘പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ദുരിതത്തിലായ ആളുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ യുപിഎ കാലത്ത് ഈ നിധിയില്‍നിന്നുള്ള പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കി. അന്ന് പി.എം.എന്‍.ആര്‍.എഫ് ബോര്‍ഡിലുണ്ടായിരുന്നത് സോണിയ ഗാന്ധിയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷയും സോണിയ ഗാന്ധിയാണ്. തികച്ചും അപലപനീയമാണിത്. ധാര്‍മ്മികതയേയും നടപടിക്രമങ്ങളേയും അവഗണിച്ച് ഒട്ടും സുതാര്യതയില്ലാത്ത നടപടി’, നഡ്ഡ ട്വീറ്റില്‍ കുറിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയവരുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം പിഎംഎന്‍ആര്‍എഫി് ലേക്ക് നല്‍കിയത്അവരുടെ സഹ പൗരന്മാരെ സഹായിക്കുന്നതിനുവേണ്ടിയാണ്. ഈ പൊതുപണം ഒരു കുടുംബം നടത്തുന്ന ഫൗണ്ടേഷനിലേക്ക് നിര്‍ലജ്ജമായ തട്ടിപ്പ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളോടുള്ള വഞ്ചന കൂടിയാണെന്നും നഡ്ഡ പറഞ്ഞു.

‘ഒരു കുടുംബത്തിന്റെ ധനാര്‍ത്തിക്കുവേണ്ടി രാജ്യം വളരെയധികം വിലനല്‍കി. സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തിയ കൊള്ളയ്ക്ക് കോണ്‍ഗ്രസിന്റെ രാജകുടുംബം മാപ്പ് പറയണം’, നഡ്ഡ കുറിച്ചു.

,

Top