ജനരക്ഷാ യാത്ര സമാപനം ഇന്ന്, ചടങ്ങില്‍ പങ്കെടുക്കാന്‍ അമിത് ഷാ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.

അരലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പദയാത്രയുടെ സമാപനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും.

ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ നടത്തുന്ന യാത്രയ്ക്ക് ശ്രീകാര്യത്ത് ബഹുജന സ്വീകരണം നല്‍കും. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ കുമ്മനം രാജശേഖരനൊപ്പം ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ച ശേഷമാകും ശ്രീകാര്യത്തു നിന്ന് പദയാത്ര തുടങ്ങുക.

ജില്ലയില്‍ ആദ്യമായി മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്ക് ഇരയായ ബലിദാനി ശ്രീകാര്യം ചെറുവയ്ക്കല്‍ ഗംഗാധരന്‍ നായര്‍ നഗറില്‍ രാവിലെ 10.30ന് കേന്ദ്ര തുറമുഖ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ യാത്ര ഉദ്ഘാടനം ചെയ്യും. പട്ടത്ത് ഉച്ചഭക്ഷണവും വിശ്രമവും. മൂന്നിന് യാത്ര തുടരും.

കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ സംസാരിക്കും. പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും. പാളയം മുതല്‍ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയില്‍ അണിചേരും. പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.

പട്ടത്ത് നിന്ന് യാത്ര ആരംഭിക്കുന്ന സമയത്തുതന്നെ പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം തുടങ്ങും. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പൊതുസമ്മേളന നഗരിയില്‍ എത്തും.

മറ്റ് പതിനൊന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പദയാത്രയ്‌ക്കൊപ്പമാണ് എത്തുക. അഞ്ചിന് സമാപന സമ്മേളനത്തില്‍ അമിത് ഷാ, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ജെആര്‍എസ് അധ്യക്ഷ സി.കെ. ജാനു, കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേ തുടങ്ങിയവര്‍ പ്രസംഗിക്കും.

Top