ബി ജെ പി യുടെ ഉപവാസ സമരം ; എം പിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കര്‍ശനചട്ടങ്ങള്‍

ന്യൂഡല്‍ഹി:ബിജെപി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിന് മുന്നോടിയായി പാര്‍ട്ടി എംപിമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതൃത്വം കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ബി ജെ പിയുടെ ഉപവാസസമരം.

ചൊവ്വാഴ്ച പല എംപിമാരും തങ്ങളുടെ മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രദേശിക നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിനും മറ്റും പ്രതിപക്ഷ കക്ഷികള്‍ക്കും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു തരത്തിലുള്ള അവസരങ്ങളും നല്‍കരുത്. പ്രവര്‍ത്തകരും നേതാക്കളും വളരെ ജാഗ്രത പുലര്‍ത്തണമെന്നും എംപിമാര്‍ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ഓഫീസില്‍ത്തന്നെയാണ് ഉപവാസമിരിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബിജെപിയുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും.

ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് കോണ്‍ഗ്രസ് സമരത്തെ നാണക്കേടിലാക്കുകയും നേതാക്കളെ വേദിയില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു.

സമാന സംഭവങ്ങള്‍ പ്രധാനമന്ത്രിയടക്കം പങ്കെടുക്കുന്ന ഉപവാസ സമരത്തില്‍ ഇല്ലാതിരിക്കാനാണ് ബിജെപി എംപിമാര്‍ക്ക് കര്‍ശന ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകണ്ണുകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. സമരത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമാന നിര്‍ദേശമുണ്ട്. സമരവേദികള്‍ക്ക് സമീപം കടകള്‍ സ്ഥാപിക്കാന്‍ തെരുവ് കച്ചവടക്കാരെ അനുവദിക്കരുത്. പാര്‍ട്ടിക്ക് ഒരു തരത്തിലുള്ള ചീത്തപേര് സൃഷ്ടിക്കരുതെന്നും ഡല്‍ഹിയില്‍ ബിജെപി എംപി മീനാക്ഷി ലേഖി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Top