ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയം; മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ തള്ളി കേന്ദ്ര നേതൃത്വം. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തള്ളിയത്.

ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചില വ്യക്തികള്‍ അത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറാകണമെന്നാണ് അരുണ്‍ സിങ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 

Top