ബിജെപിയുടെ ‘ഡീപ്പ്‌ഫേക്ക്’ വീഡിയോ ആശങ്കയാകുന്നു; പ്രചരണങ്ങളില്‍ എഐ കുരുക്ക്

ടുത്തിടെ പൂര്‍ത്തിയായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഡീപ്പ്‌ഫേക്ക് വീഡിയോകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ഹരിയാന, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കുന്ന വീഡിയോകളാണ് പ്രചരിച്ചത്. എന്നാല്‍ ഭാവിയില്‍ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം വ്യാജ വീഡിയോകള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കകളാണ് ഇതോടെ പുറത്തുവരുന്നത്.

ബിജെപിയെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നില്ലെങ്കിലും ഇത്തരം ടെക്‌നോളജിയുടെ ശക്തിയാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഒരു വ്യക്തി അറിയുക പോലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്ന തരത്തില്‍ വീഡിയോ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി ഹരിയാന, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് ബിജെപി ഡല്‍ഹി ഘടകം ഉപയോഗിച്ചത്.

തിവാരി സംസാരിക്കാത്ത ഭാഷയില്‍, പറയാത്ത കാര്യങ്ങളാണ് വീഡിയോയില്‍ ചുണ്ടനക്കത്തിന് ഒപ്പം ചേര്‍ത്തത്. ഇത്തരം വീഡിയോ നിര്‍മ്മിക്കാന്‍ ഏജന്‍സികളെ ഉപയോഗിച്ചിട്ടില്ലെന്ന് ഡല്‍ഹി ബിജെപി വക്താവ് പറഞ്ഞു. നിരവധി ഏജന്‍സികള്‍ പ്രചരണ സമയത്ത് ഇതിനായി മുന്നോട്ട് വന്നു. അത്തരത്തില്‍ ഒരു ടീം സാമ്പിളായി പങ്കുവെച്ച വീഡിയോ ആണ് ആഭ്യന്തര ഗ്രൂപ്പുകളില്‍ ഉപയോഗിച്ചതെന്ന് ഐടി സെല്‍ സഹ ഇന്‍ചാര്‍ജ്ജ് നീല്‍കാന്ത് ബക്ഷി പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇത്തരം വീഡിയോ ഉപയോഗം ആദ്യമായല്ലെങ്കിലും പ്രൊഫഷണല്‍ സംഘങ്ങള്‍ ഇത് നിര്‍മ്മിക്കുന്നത് ഡീപ്‌ട്രേസ് ലാബ്‌സ് ഇന്റലിജന്‍സ് മേധാവി ഹെന്‍ട്രി അജ്ദര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വീഡിയോകള്‍ വലിയ ആശങ്കയാകുന്നതിന് ഇടെയാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തടയാനുള്ള സംവിധാനങ്ങളും നിലവിലില്ല.

Top