ബിജെപി ഇത് എന്തിനുള്ള പുറപ്പാടാണ്; പുതിയ സഖ്യം പ്രഖ്യാപിച്ച ശിവസേനയ്ക്ക് ആശങ്ക

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്‍വാങ്ങിയ ബിജെപി ഇപ്പോള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് കുതിരക്കച്ചവടത്തിന്റെ സൂചനയാണെന്ന് ശിവസേന. രാഷ്ട്രപതി ഭരണത്തിന് കീഴില്‍ കുതിരക്കച്ചവടം നടത്താനുള്ള നീക്കങ്ങളുടെ സൂചനയാണ് ഇത് നല്‍കുന്നതെന്ന് പഴയ സഖ്യകക്ഷി ആരോപിക്കുന്നു.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിന് ആറ് മാസത്തില്‍ കൂടുതല്‍ ആയുസ്സില്ലെന്ന് പ്രവചിച്ച മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് എതിരെയും സേന മുഖപത്രമായ സാമ്‌ന ആഞ്ഞടിച്ചു. ചില ആളുകള്‍ക്ക് ഈ പുതിയ രാഷ്ട്രീയ സമവാക്യം വയറുവേദന സമ്മാനിക്കുന്നുണ്ടെന്നാണ് സാമ്‌ന മുഖപ്രസംഗത്തില്‍ പരിഹസിച്ചത്.

Devendra Fadnavis

Devendra Fadnavis

വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയില്‍ തങ്ങള്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പ്രഖ്യാപിച്ചത്. 288 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് പാട്ടീല്‍ അവകാശപ്പെട്ടത്. ‘105 സീറ്റുള്ളവര്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണറെ അറിയിച്ചതാണ്. എന്നിട്ട് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെടുന്നത് എങ്ങിനെ?’, സേന ചോദിക്കുന്നു.

സുതാര്യമായ ഭരണം അവകാശപ്പെടുന്നവര്‍ കുതിക്കച്ചവടത്തിന് ഒരുങ്ങുകയാണെന്ന് ഇതില്‍ വ്യക്തമാണ്. ഇത്തരം അസാന്മാര്‍ഗ്ഗിക രീതികള്‍ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കസേര ചോദിച്ചാണ് സേന ബിജെപിയുമായി അകലുന്നതും എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തിച്ചേരുന്നതും. ഇതില്‍ നിന്ന് ബിജെപി സ്വീകരിക്കുന്ന അടുത്ത നിലപാട് ശിവസേന ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Top