മോദിക്ക് യുദ്ധവെറിയെന്ന് പാക്കിസ്ഥാൻ, പ്രചരണായുധമാക്കി ബി.ജെ.പി

ന്യൂഡല്‍ഹി: യുദ്ധവെറി പടര്‍ത്തി അധികാരത്തിലേറാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാക്കിസ്ഥാന്റെ എഫ് -16 യുദ്ധവിമാനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെന്ന യു.എസ് വാദം തള്ളിയ ഇന്ത്യയുടെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു ഇമ്രാന്‍ഖാന്‍.

എഫ്-16 വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അവകാശവാദം സത്യമല്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. പാക്കിസ്ഥാന്റെ കൈവശമുള്ള എഫ്-16 വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് യു.എസ് പ്രതിരോധവിഭാഗം തന്നെ സ്ഥിരീകരിച്ചതായും ഇമ്രാന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ഖാന്‍ ബി.ജെ.പിക്കെതിരെ രംഗത്തുവന്നത്.

അമേരിക്ക പാക്കിസ്ഥാന്റെ കൈവശമുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ എണ്ണമെടുത്തെന്നും ഇന്ത്യ അവകാശപ്പെട്ടതുപോലെ ഒരു വിമാനംപോലും പാക്കിസ്ഥാന് നഷ്ടപ്പെട്ടില്ലെന്നും യു.എസ് പ്രതിരോധവിഭാഗത്തെ ഉദ്ധരിച്ച് ദി ഫോറിന്‍ പോളിസി മാഗസിന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനെ തള്ളി ഇന്ത്യയും രംഗത്തെത്തി.

നൗഷേറ സെക്ടറില്‍ വച്ച് പാക്കിസ്ഥാന്റെ എഫ് -16 വിമാനത്തെ മിഗ് 21 ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. പ്രസ്താവനയിലൂടെയായിരുന്നു വ്യോമസേനയുടെ പ്രതികരണം.

ഫെബ്രുവരി 27ന് ഇന്ത്യ എഫ്-16 യുദ്ധവിമാനം ആക്രമിച്ചതായുള്ള പാക്കിസ്ഥാന്‍ വ്യോമസേനയുടെ റേഡിയോ സന്ദേശങ്ങള്‍ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. യുദ്ധവിമാനം തിരികെ ക്യാമ്പിലെത്തിയില്ലെന്ന് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആയുധമാക്കുകയാണ് ബി.ജെ.പി. ബാലാകോട്ട് ഇന്ത്യന്‍സേന നടത്തിയ ആക്രമണത്തിന്റെയും കൊല്ലപ്പെട്ടവരുടെയും കണക്കുചോദിച്ചതിന് കോണ്‍ഗ്രസിനെ നേരത്തെ ബി.ജെ.പിയും നരേന്ദ്രമോദിയും കടന്നാക്രമിച്ചിരുന്നു. ഇന്ത്യന്‍സേനയുടെ ആത്മധൈര്യം തകര്‍ക്കുകയാണ് കോണ്‍ഗ്രസെന്നായിരുന്നു മോദിയുടെ പ്രതികരണം. കോണ്‍ഗ്രസ് ഭീകരര്‍ക്ക് ബിരിയാണ് വിളമ്പുകയാണെന്ന് അമിത്ഷായും ആഞ്ഞടിച്ചു.

ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന പാക്കിസ്ഥാന്‍ വിരോധം ആളിക്കത്തിച്ച് വോട്ടുതട്ടാനുള്ള പുതിയ തന്ത്രമാണ് ബി.ജെ.പിയുടേത്. യുദ്ധഭീതി ഉയര്‍ത്തുമ്പോള്‍ രാജ്യസ്നേഹം ഉയര്‍ത്തി എല്ലാവരും ഒരുമിക്കുന്നത് രാഷ്ട്രീയപരമായി ഗുണകരമാകുമെന്ന വിലയിരുത്തലാണ് ആര്‍.എസ്.എസിനും.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലത്തുനിന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്തേക്ക് രാഹുല്‍ ഒളിച്ചോടിയെന്നാണ് മോദി ആരോപിച്ചത്. വയനാട്ടില്‍ രാഹുലിനെ വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ പതാകയും ഉയര്‍ത്തിയത് പാക്കിസ്ഥാന്‍ പതാകയാക്കിയാണ് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.

Top