പ്രതിപക്ഷ പാർട്ടികളെ തകർക്കുന്നതിന് ബി.ജെ.പിക്ക് ‘ഹിഡൻ അജണ്ട’ ഇനി . . .

ബി.ജെ.പി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് നെറികേടിന്റെ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ്സ് ജനപ്രതിനിധികളെയും നേതാക്കളെയും അടര്‍ത്തിമാറ്റിയാല്‍ കോണ്‍ഗ്രസ് വിമുക്ത ഭാരതം ഉണ്ടാക്കാമെന്ന നിലപാട് തന്നെ ജനവിരുദ്ധമാണ്. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ഒടുവില്‍ ഗോവയിലും കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരെ അടര്‍ത്തിമാറ്റാന്‍ കാവി രാഷ്ട്രീയത്തിന് കഴിഞ്ഞു. പക്ഷേ അതുകൊണ്ടു മാത്രം രാജ്യത്ത് നിന്നും ഒലിച്ചു പോകുന്ന ഒരു പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ്. ഇനിയും ശക്തമായി തിരിച്ചു വരാനുള്ള ശേഷി കോണ്‍ഗ്രസ്സിനുണ്ട്. അതിന് ഇപ്പോഴുള്ള നേതൃത്വത്തെ അടിമുടി മാറ്റിയുള്ള അഴിച്ചുപണിയാണ് വേണ്ടത്.

മുതിര്‍ന്ന നേതാക്കള്‍ എന്ന പരിഗണനയില്‍ ഹൈക്കമാന്റില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നവരെയാണ് ആദ്യം ഒഴിവാക്കേണ്ടത്. അവരെ നിങ്ങള്‍ ബഹുമാനിച്ചോളൂ. പക്ഷേ നരവന്ന വാര്‍ദ്ധ്യകത്തിന്റെ പിടിവാശിക്ക് ഒരിക്കലും കൂട്ടു നില്‍ക്കരുത്. ഡല്‍ഹിയിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടി സഖ്യം ഗുണം ചെയ്യുമെങ്കില്‍ കൂട്ടുകൂടുക തന്നെ വേണം. അതല്ലാതെ ആന്റണിയുടെയും ഷീല ദീക്ഷിതിന്റെയും ധാര്‍ഷ്ഠ്യത്തിന് ഇനിയും നിന്നുകൊടുക്കരുത്. യു.പിയില്‍ മതേതര ചേരി തകര്‍ന്നത് പ്രതിപക്ഷം രണ്ടായി മത്സരിച്ചത് കൊണ്ടു കൂടിയാണ്. ഇവിടെ കോണ്‍ഗ്രസ്സ് കൂടി ഉള്‍പ്പെട്ട ഒരു സഖ്യത്തിന് പൊരുതാനുള്ള ശേഷി ഇനിയുമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയില്‍ ഇടതുപക്ഷത്തിനെയും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണം. രാജ്യത്തെ പിടിച്ചുലച്ച കര്‍ഷക സമരത്തിന് നേത്യത്വം കൊടുത്ത ചെങ്കൊടിയെ വിശ്വസിക്കുന്ന ഒരു ജനത ഇവിടെയുമുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം കര്‍ഷകരെ ഒപ്പം നിര്‍ത്താനും ഇടപെടല്‍ അനിവാര്യമാണ്. വിട്ടു വീഴ്ചകള്‍ ചെയ്ത് പ്രതിപക്ഷത്തിന് കരുത്താര്‍ജിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ്സ് ഇനി ഒരുക്കേണ്ടത്. പിടിവാശിയും അഹങ്കാരവും നല്ലതിനല്ല.

നേതാക്കളുടെ അധികാര മോഹവും ഗ്രൂപ്പിസവുമാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഈ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശാപം. കാലാകാലങ്ങളായി തുടരുന്ന ഈ അധികാര തര്‍ക്കങ്ങളാണ് ഇപ്പോള്‍ ക്ലൈമാക്സില്‍ എത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷന്‍ രാജിവച്ചിട്ട് പകരം നേതാവിനെ തെരഞ്ഞെടുക്കാന്‍ പോലും പറ്റാത്ത സാഹചര്യം ഇതിനു മുന്‍പ് ഒരിക്കലും കോണ്‍ഗ്രസ്സിന് ഉണ്ടായിട്ടില്ല. പോര്‍ക്കളത്തില്‍ തോറ്റ പടനായകന്‍ തിരിഞ്ഞോടുന്നത് ആ പാര്‍ട്ടിയുടെ നേതാക്കളുടെയും അണികളുടെയും ആത്മവിശ്വാസത്തെയാണ് തകര്‍ത്തിരിക്കുന്നത്. ഈ സാഹചര്യമാണ് ബി.ജെ.പി ഇവിടെ ശരിക്കും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

കര്‍ണ്ണാടക സര്‍ക്കാരിന്റെ പതനം പൂര്‍ണമായി കഴിഞ്ഞു. ഭരണപക്ഷത്തെ 16 എം.എല്‍.എമാരാണ് ഇവിടെ കൂറുമാറിയിരിക്കുന്നത്. ഇതോടെ നിയമസഭയുടെ അംഗബലം 208 ആയി കുറഞ്ഞിട്ടുണ്ട്. നിലവില്‍ ബി.ജെ.പിക്ക് 107 പേരുടെ പിന്‍തുണയുണ്ട്. കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സഖ്യത്തിന്റെ അംഗബലമാവകട്ടെ 101 ആയി കുറയുകയും ചെയ്തിട്ടുണ്ട്. ഇനിയും അംഗസംഖ്യയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഗോവയിലാവകട്ടെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന്റെ 15 എം.എല്‍.എമാരില്‍ പത്തു പേരെയാണ് ബി.ജെ.പി റാഞ്ചിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഞെട്ടിക്കുന്ന ഈ കൂറുമാറ്റവും അരങ്ങേറിയിരിക്കുന്നത്.

ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു തിരിച്ചു വരവ് കോണ്‍ഗ്രസ്സിന് സാധ്യമല്ലെന്ന പ്രചരണമാണ് ബി.ജെ.പി വ്യാപകമായി നടത്തിവരുന്നത്. ഈ പ്രചരണവും മോഹന വാഗ്ദാനങ്ങളുമാണ് കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ കൂട്ടത്തോടെയുള്ള കൂടു മാറ്റത്തിന് കാരണമായിരിക്കുന്നത്. ഒരു നേതാവ് ഒളിച്ചോടിയതു കൊണ്ടോ തെരഞ്ഞെടുപ്പില്‍ തോറ്റതു കൊണ്ടോ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ്. ഈ യാഥാര്‍ത്ഥ്യം ആ പാര്‍ട്ടിയിലെ നേതാക്കള്‍ പോലും ഓര്‍ക്കാതെ പോയി.

ഇപ്പോഴും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ രാജ്യത്തുണ്ട്. നെഹ്റു കുടുംബത്തെ ഒരു വികാരമായി ഇന്നും മനസ്സില്‍ കാണുന്ന ജനവിഭാഗങ്ങളാണത്. പുതുതലമുറ രാഷ്ട്രീയത്തില്‍ ബി.ജെ.പി പയറ്റിയ തന്ത്രങ്ങളെ നേരിടുന്ന കാര്യത്തിലാണ് കോണ്‍ഗ്രസ്സിന് വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ വൈകാരികത ഉണര്‍ത്തിയാണ് ഇത്തവണ മോദി രണ്ടാം ഊഴം ഉറപ്പിച്ചത്. ദേശീയ വികാരത്തിനു മുന്നില്‍ മറ്റു ബുദ്ധിമുട്ടുകള്‍ എല്ലാം ജനങ്ങള്‍ മറന്നു. അവര്‍ക്ക് ബാലാക്കോട്ടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായിരുന്നു ഹീറോയിസം. അവസാനഘട്ട വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ധ്യാനത്തിലിരുന്ന് ആത്മീയ രാഷ്ട്രീയവും മോദി പയറ്റി.

59 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് റഫാല്‍ അല്ല, ചൗക്കിദാര്‍ ചോറുമായിരുന്നില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങളും രാഹുല്‍ ഗാന്ധിയും കര്‍ഷക ആത്മഹത്യയും ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ദലിത് അട്രോസിറ്റിയും ഇലക്ഷന്‍ ലീഡിങ് ട്രെന്‍ഡുകളുമെല്ലാം ഈ ഘട്ടത്തില്‍ വഴിമാറി. അവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് തീര്‍ത്ഥാടന വേഷത്തിലുള്ള മോദി മാത്രമായിരുന്നു.

ഇതെല്ലാം ഉത്തരേന്ത്യയിലെ വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിച്ച സംഭവങ്ങളാണ്. ഇവിടെയെല്ലാം കാഴ്ചക്കാരന്റെ റോളിലായിരുന്നു കോണ്‍ഗ്രസ്സ്. രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ പോലും ഒറ്റപ്പെട്ടത് മാത്രമായി ഒതുങ്ങി. സഹായത്തിന് ഹൈക്കമാന്റിലെ ഒരു പൊന്നുതമ്പുരാനും ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ വണ്‍മാന്‍ ആര്‍മിയായാണ് രാഹുല്‍ പട നയിച്ചത്. അതു കൊണ്ടു തന്നെയാണ് തോല്‍വി അദ്ദേഹത്തെ ശരിക്കും തകര്‍ത്തു കളഞ്ഞിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവിനെ അടക്കം അടര്‍ത്തിമാറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. നിരവധി കോണ്‍ഗ്രസ്സ് നേതാക്കളെയാണ് ബി.ജെ.പി ചാക്കിട്ട് പിടിച്ചിരുന്നത്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇതും ഒരു കാരണമാണ്. ഇപ്പോള്‍ വീണ്ടും ബി.ജെ.പി പയറ്റുന്നതും ഈ കൂറുമാറ്റ രാഷ്ട്രീയം തന്നെയാണ്. ആന്ധ്രയിലെ തെലങ്കുദേശത്തിന്റെ രാജ്യസഭ അംഗങ്ങളെ കൂട്ടത്തോടെ അടര്‍ത്തിയെടുത്തത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതിനു പിന്നാലെയാണ് കര്‍ണ്ണാടകയും ഗോവയും പരീക്ഷിച്ചിരിക്കുന്നത്. തെലങ്കാനയാണ് ബി.ജെ.പി അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത്. ഇവിടെ ഭരണപക്ഷമായ ടി.ആര്‍.എസിനെ പിളര്‍ത്താനാണ് ശ്രമം.

രാജ്യം ഭരിക്കുന്ന പാര്‍ട്ടി ചാക്കുമായി ഇറങ്ങിയതോടെ അതില്‍ കയറുന്ന പ്രതിപക്ഷ നേതാക്കളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ഇവര്‍ക്കെല്ലാവര്‍ക്കും അധികാരത്തിന്റെ അപ്പക്കഷ്ണമാണ് വേണ്ടത്. ബി.ജെ.പിയിലേക്കുള്ള പ്രതിപക്ഷ ജനപ്രതിനിധികളുടെ ഒഴുക്ക് കണ്ടാല്‍ ഇനി ഒരിക്കലും പ്രതിപക്ഷം അധികാരത്തില്‍ വരില്ലെന്നാണ് തോന്നിപ്പിക്കുക. പ്രതിപക്ഷ നേതൃത്വത്തെ മാനസികമായി തളര്‍ത്തി നേട്ടം കൊയ്യുക എന്ന തന്ത്രമാണ് ഇവിടെ ബി.ജെ.പി പയറ്റുന്നത്.

ഇത്രയും വലിയ ഭൂരിപക്ഷം ബി.ജെ.പിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടും എന്തിനാണ് ബി.ജെ.പി കൂറുമാറ്റ രാഷ്ട്രീയം പയറ്റുന്നത് ? ഈ ചോദ്യം പല സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. യഥാര്‍ത്ഥ ജനവിധിയല്ല, വോട്ടിങ് യന്ത്രങ്ങളുടെ ‘മാസ്മരിക’ പ്രകടനമാണ് നടന്നതെന്ന വാദത്തിന് ശക്തി പകരുന്നതാണ് ഈ നീക്കങ്ങള്‍. ഇപ്പോഴത്തെ വിജയം ശാശ്വതമല്ലെന്ന തിരിച്ചറിവില്‍ സ്വന്തം നില ഭദ്രമാക്കാനാണ് ബി.ജെ.പി കൂറുമാറ്റ രാഷ്ട്രീയം പയറ്റുന്നതെന്നാണ് ഉയര്‍ന്നു വരുന്ന പ്രധാന ആരോപണം.

Express View

Top