BJP’s advice to paneerselvam include deepa in his party for good future

ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കരുനീക്കങ്ങളുമായി ബിജെപി.

ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ അണ്ണാ ഡിഎംകെയെ പിളര്‍ത്തി പനീര്‍ശെല്‍വത്തിന്റെ കൂടെ നിര്‍ത്തുന്നതിനായുള്ള നീക്കങ്ങളാണ് ബി ജെ പി ഇപ്പോള്‍ നടത്തി വരുന്നത്.

ഡിഎംകെ പിന്തുണയോടെ കുറച്ച് കാലം പനീര്‍ശെല്‍വം ഭരിക്കട്ടെയെന്നും പിന്നീട് രാഷട്രപതി ഭരണത്തിലേക്ക് പോകാനുള്ള സാധ്യത പരിഗണിക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ ഭൂരിപക്ഷം ആര്‍ക്കും സഭയില്‍ തെളിയിക്കാന്‍ പറ്റിയില്ലങ്കില്‍ ഉടന്‍ തന്നെ കാര്യങ്ങള്‍ രാഷ്ട്രപതി ഭരണത്തിലെത്തും.

അണ്ണാ ഡിഎംകെ എം എല്‍ എമാരെ ഒറ്റക്ക് കാണാന്‍ ഗവര്‍ണ്ണര്‍ നടത്തുന്ന നീക്കവും എം എല്‍ എമാരെ കണ്ടെത്താന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദ്ദേശവും ശശികല വിഭാഗത്തിന് കനത്ത തിരിച്ചടിയാണ്. സ്വന്തം പാളയം വിട്ടാല്‍ എം എല്‍ എമാര്‍ കൂട് മാറുമെന്ന ഭയം ശശികല വിഭാഗത്തിനുണ്ട്.

ഇതിനിടെ പിന്തുണയുണ്ടെന്ന ഒപ്പ് ശശികല വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന എസ് പി ഷണ്‍മുഖനാഥന്‍ എം എല്‍ എ പൊലീസില്‍ പരാതി നല്‍കിയത് ഗവര്‍ണ്ണര്‍ക്ക് കച്ചി തുരുമ്പായിട്ടുണ്ട്.

എം എല്‍ എമാരെ നേരിട്ട് കണ്ടാല്‍ ചുരുങ്ങിയത് 40 പേരെങ്കിലും തന്നോടൊപ്പം ഉണ്ടാകുമെന്നാണ് പനീര്‍ശെല്‍വം ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം ഇപ്പോള്‍ തമിഴകത്ത് പനീര്‍ ശെല്‍വത്തിന് ലഭിക്കുന്ന പിന്തുണ ശാശ്വതമായി നിലനിര്‍ത്തണമെങ്കില്‍ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ സാനിധ്യം അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

അണ്ണാ ഡിഎംകെ അണികളില്‍ ബഹുഭൂരിപക്ഷവും ജയലളിതയോട് രൂപ സാദൃശ്യമുള്ള ദീപയെ യാണ് ആഗ്രഹിക്കുന്നതെന്നതിനാല്‍ അവരെ മുന്‍നിര്‍ത്തുന്നതാണ് ഭാവിയില്‍ ഗുണം ചെയ്യുക എന്നാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം കരുതുന്നത്. ഇതിന് അനുസൃതമായ റിപ്പോര്‍ട്ടുകളാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാറിനും ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

ജയലളിതയുടെ ജന്മദിനമായ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ദീപ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് ചെന്നൈയില്‍ വന്‍തോതില്‍ അണികള്‍ തടിച്ചുകൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം.

ജയലളിത പ്രതിനിധീകരിച്ച ആര്‍കെ നഗറില്‍ ദീപ മത്സരിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് അവിടെ അവര്‍ വിജയിക്കുക കൂടി ചെയ്താല്‍ അത് ദ്രാവിഡ രാഷ്ടീയത്തില്‍ പുതിയ താരോദയമാകും.

നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രാമുഖ്യം കൊടുക്കുന്ന ബി ജെ പി മോദിയുടെ രണ്ടാം ഊഴത്തിന് തമിഴ്‌നാട്ടിലെ 42 സീറ്റിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ദീപയും പനീര്‍ ശെല്‍വ വിഭാഗവും ഒന്നിച്ചാല്‍ വലിയ വിജയം നേടാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

ശശികലക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന പനീര്‍ശെല്‍വം, ദീപ അമ്മയുടെ ബന്ധുവാണെന്നും ആ ബഹുമാനം തനിക്ക് എന്നും ഉണ്ടാകുമെന്നും വ്യക്തമാക്കിയത്
വരാനിരിക്കുന്ന രാഷ്ട്രീയ കൂട്ട് കെട്ടിന്റെ സിഗ്നലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നത്.

ജയലളിതയുടെ ഒരു ‘ ഡമ്മി’യായി മാത്രം അറിയപ്പെട്ടിരുന്ന പനീര്‍ശെല്‍വത്തിന് പൊതുസമൂഹത്തിന് മുന്നില്‍ ആവേശമായി ഇനി വരാന്‍ കഴിയില്ല എന്നതിനാല്‍ ദീപ തന്നെയാണ് അണ്ണാ ഡിഎംകെ അണികളുടെ ബെസ്റ്റ് ചോയ്‌സ് എന്നാണ് വിലയിരുത്തല്‍.

പുതു തലമുറയുടെ പ്രതിനിധിയാണെന്നതും ജയലളിതയുടെ സഹോദര പുത്രിയാണെന്നതും ദീപക്ക് അനുകൂല ഘടകമാണ്.

Top