ഇടതു – വലതു മുന്നണികളെ ഞെട്ടിച്ച് സുരേന്ദ്രന്റെ കുതിപ്പ്, ചരിത്രം തിരുത്തുമോ ?

ഭാവി കേരളത്തിന്റെ രാഷ്ട്രീയ ദിശ നിര്‍ണ്ണയിക്കുന്നതില്‍ പത്തതിട്ട തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാവും. ഈ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചാല്‍ ബി.ജെ.പിയുടെ കേരള പരീക്ഷണത്തിന്റെ വിജയം കൂടി ആയി അത് മാറും. കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ വലിയ രൂപത്തില്‍ വോട്ടുകള്‍ സമാഹരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. അത് ശബരിമല പറഞ്ഞാലും പറഞ്ഞില്ലങ്കിലും സംഭവിക്കുക തന്നെ ചെയ്യും. കാവി രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് നിലനിര്‍ത്തികൊണ്ട് തന്നെ ഈ യാതാര്‍ത്ഥ്യം അംഗീകരിച്ചേ പറ്റു. ആര് ഇവിടെ നിന്നും വിജയിക്കും എന്ന കാര്യത്തില്‍ ഫലപ്രഖ്യാപനത്തിനു മുന്‍പ് ഒരു സൂചനപോലും നല്‍കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പേലും കഴിയത്ത തെരഞ്ഞെടുപ്പാണ് ഇത്.

കാരണം അത്രമേല്‍ ശക്തവും വാശിയോറിയതുമാണ് പത്തനംതിട്ടയിലെ തീപാറുന്ന പോരാട്ടം. കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പിലും ബിജെപി വോട്ട് വിഹിതം വര്‍ദ്ധിച്ചതായി കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി ബി. രാധാകൃഷ്ണമേനോന്‍ നേടിയത് 56,294 വോട്ടായിരുന്നു. 2014-ല്‍ എം.ടി. രമേശ് എത്തിയപ്പോള്‍ വോട്ട് വിഹിതം. 1,38,954 ആയി കുതിച്ചു. വോട്ട് വിഹിതത്തില്‍ 9.23 % വര്‍ധനവാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ 20,840, പൂഞ്ഞാറില്‍ 15,099, തിരുവല്ലയില്‍ 19,526, റാന്നിയില്‍ 18,531, ആറന്മുളയില്‍ 23,771, കോന്നിയില്‍ 18,222, അടൂരില്‍ 22,796 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകള്‍.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി മുന്നണിയുടെ വോട്ട് വിഹിതം വീണ്ടും വര്‍ധിച്ചു. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ വി.എന്‍. മനോജിന് 31,411 വോട്ട് കിട്ടി. കോന്നിയില്‍ ഡി. അശോക കുമാറിന് 16,713 ഉം തിരുവല്ലയില്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന് 31,439, റാന്നിയില്‍ കെ. പത്മകുമാറിന് 28,201, ആറന്മുളയില്‍ എം.ടി. രമേശിന് 37,906, അടൂരില്‍ പി. സുധീറിന് 25,940, പൂഞ്ഞാറില്‍ ഉല്ലാസിന് 19,966 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. ആകെ 1,91,576 വോട്ട്. അരലക്ഷത്തിലേറെ വോട്ടിന്റെ ഞെട്ടിക്കുന്ന വര്‍ധനമാണുണ്ടായത്.

2009 ലെയും 2014 ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. വോട്ടുകള്‍ മാത്രമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 51.21 ശതമാനത്തില്‍നിന്ന് 42.07 ശതമാനത്തിലേക്ക് കൂപ്പ് കുത്തി. ഇവിടെ 9.14% ത്തിന്റെ കുറവാണ് ഉണ്ടയത്. സി.പി.എമ്മിന്റേത് 37.26 ശതമാനത്തില്‍നിന്നും 35.48 ശതമാനമായാണ് കുറഞ്ഞത് . 1.78 ശതമാനത്തിന്റെ കുറവ്. അതേസമയം ബി.ജെ.പിയുടേത് 7.06 ശതമാനത്തില്‍നിന്ന് 16.29 ശതമാനമായി കുതിച്ച് ഉയരുകയും ചെയ്തു. വോട്ടിംങ് ശതമാനത്തിലെ ഈ വര്‍ധനവ് തന്നെയാണ് ബിജെപിയുടെ ഇപ്പോഴത്തെ ആത്മവിശ്വാസത്തിന്റെ പ്രധാന ഘടകം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഭൂരിപക്ഷ സമുദായത്തിനിടയില്‍ ശക്തമായ അടിയൊഴുക്കുണ്ടായാല്‍ അത് വലിയ രാഷ്ട്രീയ അട്ടിമറിയിലാണ് കലാശിക്കുക.

മണ്ഡലത്തില്‍പ്പെട്ട പൂഞ്ഞാറിലെ എം.എല്‍.എ ആയ പി.സി ജോര്‍ജിന്റെ പിന്തുണയും എന്‍.എസ്.എസിന്റെ ആശിര്‍വാദവും എല്ലാം സുരേന്ദ്രന് കരുത്ത് പകരുന്നതാണ്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ് ഭൂരിപക്ഷ വോട്ടര്‍മാരും. ഇടത്പക്ഷത്തിന്റേയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ക്രൈസ്തവ വോട്ടുള്‍ ഭിന്നിക്കാനും സാധ്യതയുണ്ട്. ഇതും സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

എന്നാല്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരായി യു.ഡി.എഫ് അണികളിലുള്ള അതൃപ്തിയിലാണ് ഇടതുപക്ഷത്തിന്റെ കണ്ണ്. ആറന്മുള എം.എല്‍.എ ആയ വീണ ജോര്‍ജ് വിജയിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ആന്റോ ആന്റണിയാകട്ടെ മണ്ഡലത്തിലെ തന്റെ സ്വാധീനം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി വിജയിക്കാനാണ് ശ്രമം നടത്തുന്നത്.ഡി.സി.സി എതിര്‍ത്തിട്ടും പിടിച്ചു വാങ്ങിയ സീറ്റായതിനാല്‍ വിജയിക്കേണ്ടത് ആന്റോയുടെ രാഷ്ട്രീയ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.

സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ചങ്കിടിപ്പിക്കുന്നത് സുരേന്ദ്രന്റെ മാസ് എന്‍ട്രിതന്നെയാണ്. ട്രയിന്‍ ഇറങ്ങി ലാന്‍ഡ് ചെയ്തപ്പോള്‍ തുടങ്ങിയ ആരവം ഇപ്പോഴും ഓരോ സ്ഥലത്തും ഈ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടിന്നുണ്ട്.

ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്, സേവാഭാരതി തുടങ്ങി സംഘ പരിവാര്‍ സംഘടനകള്‍ മുഴുവന്‍ ഇവിടെ സജീവമാണ്. എന്തിനേറെ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നു പോലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സുരേന്ദ്രന്റെ വിജയം ഉറപ്പിക്കാന്‍ എത്തിയിട്ടുണ്ട്. ഈ മണ്ഡലത്തില്‍ എന്ത് ചര്‍ച്ചാ വിഷയമാകരുത് എന്ന് ഇടതുപക്ഷം ആഗ്രഹിക്കുന്നുവോ അതു തന്നെയാണ് ബി.ജെ.പിയും സംഘപരിവാറും പ്രധാന ആയുധമാക്കുന്നതും.

ശബരിമല കര്‍മ്മസമിതിക്ക് എന്‍.എസ്.എസ് നല്‍കിയ പിന്തുണ സുരേന്ദ്രനും അതുപോലെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. 2014ലെ ലോകസഭ തിരഞ്ഞെടുപ്പ് ചിത്രവും അതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വിധിയെഴുത്തും പരിശോധിച്ചാല്‍ ഇടതോ, അതല്ലങ്കില്‍ വലതോ വിജയിക്കുമെന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക.

എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭവും, അതിന് നേതൃത്വം കൊടുത്തിന്റെ പേരില്‍ സുരേന്ദ്രന്‍ ജയിലിലടക്കപ്പെട്ടതുമെല്ലാം വിശ്വാസി സമൂഹത്തെ സ്വാധീനിച്ചാല്‍ കഥ മാറും. പ്രത്യേകിച്ച് ഈ മണ്ഡലത്തിന്റെ ഇപ്പേഴത്തെ പ്രത്യേകത വച്ച് ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ബി.ജെ.പിക്ക് കേരളത്തില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയെയാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. വര്‍ഷങ്ങളായി ചാനലുകളിലെ സംഘപരിവാര്‍ മുഖമാണ് സുരേന്ദ്രന്‍. വീടുകള്‍ കേന്ദ്രീകരിച്ചും കുടുംബയോഗങ്ങള്‍ നടത്തിയുമാണ് ബി.ജെ.പി പത്തനംതിട്ടയില്‍ പ്രചരണം ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ബി.ജെ.പിയുടെ പ്രധാന വിജയപ്രതീക്ഷ. എന്തുവന്നാലും ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും എല്ലാ അര്‍ത്ഥത്തിലും ഈ നീക്കങ്ങള്‍ക്കുണ്ട്.

Top