വിജയ പ്രതീക്ഷ; ബി.ജെ.പിക്കും ചങ്കിടിപ്പ് ! കണക്കുകൾ പ്രതിപക്ഷ സഖ്യത്തിന് ‘തുണ’

ചില സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ ഇത്തരം സംസ്ഥാനങ്ങളില്‍ പലതിലും പ്രതീക്ഷിച്ച സ്വാധീനം ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കൂട്ടര്‍ക്കും സാധിക്കുന്നില്ല എന്നതാണ് എന്‍ഡിഎയുടെ പ്രധാന തലവേദന.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബീഹാര്‍, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ആകെ 249 എംപിമാരെയാണ് തെരഞ്ഞെടുക്കുന്നത്. അതായത്, ലോക്‌സഭയുടെ ആകെ പ്രതിനിധികളുടെ 45 ശതമാനം വരും ഈ കണക്ക്. 2014 തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇതേ സംസ്ഥാനങ്ങളില്‍ നിന്നും 187 പേരെ വിജയിപ്പിക്കാന്‍ സാധിച്ചു. എഐഎഡിഎംകെ അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണയായിരുന്നു ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

സി വോട്ടര്‍ സര്‍വ്വേ റിപ്പോര്‍ട്ടു പ്രകാരം ഇത്തവണ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ബിജെപി പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ അതൃപ്തി ഉണ്ടെന്നാണ് വിലയിരുത്തല്‍. സര്‍വ്വേയിലെ വിശദാംശങ്ങള്‍ പ്രകാരം യുപി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ 85 സീറ്റുകളുടെ ശരാശരി കുറവ് ഇത്തവണ എന്‍ഡിഎ സഖ്യം നേരിടും.ബംഗാളില്‍ മമതയുടെ വ്യക്തിപ്രഭാവം ബിജെപിയ്ക്ക് വലിയ തിരിച്ചടി നല്‍കാനാണ് സാധ്യത.

ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനം ബീഹാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെയും പ്രവര്‍ത്തനങ്ങള്‍ ബീഹാറിലെ ജനങ്ങളെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട് എന്ന കണക്കു കൂട്ടലിലാണ് എന്‍ഡിഎ. 2014ല്‍ യുപിയില്‍ 80ല്‍ 73 സീറ്റും തൂത്തുവാരിയാണ് എന്‍ഡിഎ വിജയം കണ്ടത്. എന്നാല്‍, വലിയ ഭരണവിരുദ്ധവികാരം ഇവിടെ ബിജെപി നേരിടുന്നു എന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ 25 മുഖ്യമന്ത്രിമാരില്‍ 21-ാം സ്ഥാനത്താണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥാനം. മോദിയെ അംഗീകരിക്കുന്നു എന്ന് പറയാന്‍ കഴിയുന്ന 43 ശതമാനം ഇവിടെ ഇപ്പോഴുമുണ്ട് എന്നതാണ് ബിജെപിയുടെ ആശ്വാസം.

കഴിഞ്ഞ തവണത്തേക്കാള്‍ പ്രതിപക്ഷം കൂടുതല്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നതാണ് ഇവിടെ ബിജെപി അനുഭവിക്കുന്ന ഒരു പ്രശ്‌നം. എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഇവിടെ ഒറ്റക്കെട്ടായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളും ഇവിടെ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. സി വോട്ടര്‍ സര്‍വ്വേ പ്രകാരം 29 സീറ്റാണ് ഇത്തവണ എന്‍ഡിഎ സഖ്യത്തിന് യുപിയില്‍ പ്രതീക്ഷിക്കുന്നത്.

48 ലോക്‌സഭാ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ 41 പേരാണ് എന്‍ഡിഎ പ്രതിനിധികള്‍. ശിവസേന കൂട്ടുകെട്ടിന്റെ പകിട്ടിലാണ് ഇവിടെ കാവിക്കൊടി പാറുന്നത്. ഇത്തവണയും വലിയ അടിയൊഴുക്കുകള്‍ ഇല്ലാതെ തന്നെ സംഘപരിവാറിന് ഇവിടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. 35 സീറ്റുവരെ മഹാരാഷ്ട്രയില്‍ നിന്നും എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

സീറ്റുകളുടെ എണ്ണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പക്ഷേ ബിജെപിയ്ക്ക് പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല. സര്‍വ്വേ പ്രകാരം വെറും 2.2 ശതമാനം ജനസമിതി മാത്രമാണ് ഇവിടെ ബിജെപിയ്ക്ക് ഒപ്പമുള്ളത്. സഖ്യമായിപ്പോലും ശോഭിക്കാന്‍ സാധിക്കാത്ത വിധം ബിജെപിയ്ക്ക് ഇവിടെ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കണക്കുകള്‍.

2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ യുപി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ആകെ 85 സീറ്റുകളുടെ നഷ്ടം ഇത്തവണ ഉണ്ടാകുമെന്നാണ് സര്‍വ്വേകള്‍ വിലയിരുത്തുന്നത്. ബിജെപി നേരിടാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്‌നം, ബീഹാറിലും പശ്ചിമബംഗാളിലും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ്.

വ്യത്യസ്ഥമായ ട്രെന്റാണ് പശ്ചിമബംഗാളിലേത്. നരേന്ദ്രമോദിയ്ക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഇവിടെ സാധിച്ചെങ്കിലും മമത ബാനര്‍ജിയുടെ ഭരണ മികവിനും സംഘടനാ പാടവത്തിനും ഇതിനെ മറികടക്കാന്‍ സാധിക്കും എന്നതാണ് ബിജെപി നേരിടാന്‍ പോകുന്ന പ്രതിസന്ധി. അതുകൊണ്ടു തന്നെ തൃണമൂലിന്റെ വിജയത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്താന്‍ ബിജെപിയ്ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ബീഹാറാണ് എംപിമാരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റൊരു സംസ്ഥാനം. ഇവിടെ പ്രധാനമന്ത്രി മോദിയോടൊപ്പം പ്രാധാന്യമുള്ള നേതാവാണ് നിതീഷ്‌കുമാറും. മികച്ച എംപിമാരുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ബീഹാര്‍. ഇതില്‍ നാലില്‍ മൂന്ന് ഭാഗം എംപിമാരും ബിജെപിയില്‍ നിന്നാണ് ഉള്ളത്. മോദിയുടെയും നിതീഷ് കുമാറിന്റെയും പ്രശസ്തി അവിടെ എന്‍ഡിഎ സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബീഹാറില്‍ 36 സീറ്റുവരെ ഇവര്‍ക്ക് നേടാന്‍ സാധിക്കുമെന്ന് സര്‍വ്വേകളും പ്രവചിക്കുന്നു.

ചുരുക്കത്തില്‍, രാജ്യത്തെ വലിയ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും 113 സീറ്റുകള്‍ മാത്രമാണ് ഇത്തവണ സംഘപരിവാര്‍ സഖ്യത്തിന് ലഭിക്കാന്‍ സാധ്യത. 2014നെ അപേക്ഷിച്ച് 74 സീറ്റുകളുടെ കുറവാണിത്. പുല്‍വാമ തീവ്രവാദി ആക്രമണവും തിരിച്ചടികളും എല്ലാം ഇപ്പോഴും പ്രധാന ചര്‍ച്ചയായി നിലനിലല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സര്‍വ്വേഫലങ്ങള്‍ പുറത്തു വരുന്നത് എന്ന കാര്യവും ബിജെപിയുടെ ചങ്കിടിപ്പിക്കുന്നതാണ്.

Top