മോദിയുടെ രണ്ടാമൂഴത്തെ ഭയക്കേണ്ടത് കർണ്ണാടക, മധ്യപ്രദേശ് സർക്കാറുകൾ

കേന്ദ്രത്തില്‍ മോദിക്ക് വീണ്ടും രണ്ടാം ഊഴം ലഭിച്ചാല്‍ ആദ്യം അട്ടിമറിക്കുക രണ്ട് സംസ്ഥാന സര്‍ക്കാരുകളെ. കര്‍ണ്ണാടക, മധ്യപ്രദേശ് സര്‍ക്കാരുകളായിരിക്കും അത്.

കേന്ദ്രത്തില്‍ ഇനി വരുന്ന ഭരണകൂടത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും ഈ രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ആയുസ്സ് തന്നെ.

കര്‍ണ്ണാടകയില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റി വരികയാണ് ബി.ജെ.പി. കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയുടെ പങ്ക് വരെ പുറത്ത് വരികയുണ്ടായി. രാജ്യം ഞെട്ടുന്ന കുതിര കച്ചവട കണക്കുകളാണ് പുറത്ത് വന്നിരുന്നത്. ചില ഭരണപക്ഷ എം.എല്‍.എമാരെ കൂറ് മാറ്റാന്‍ ഇതിനകം തന്നെ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. ബാക്കി പലരും സംശയത്തിന്റെ നിഴലിലുമാണ്.

കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നതോടെ കുതിരക്കച്ചവടം ഇനിയും കൂടാനാണ് സാധ്യത. ഏത് വിധേയനേയും കര്‍ണ്ണാടക ഭരണം പിടിക്കുക എന്നത് കാവിപ്പടയെ സംബന്ധിച്ച് പ്രഖ്യാപിത ലക്ഷ്യമാണ്. ഒരിക്കല്‍ പാളിയത് ഇനി പാളില്ലന്നാണ് യെദ്യൂരപ്പ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും അദ്ദേഹത്തെ പിറകോട്ടടിപ്പിച്ചിട്ടില്ല എന്നതും വ്യക്തം.

ജെ.ഡി.എസ് നേതാവും മുഖ്യമന്ത്രിയുമായ കുമരസ്വാമിയുമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പും ഇവിടെ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. തനിക്ക് മടുത്തെന്ന് കുമരസ്വാമി തന്നെ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.

മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ വകവയ്ക്കാത്തതിലാണ് മുഖ്യമന്ത്രിയുടെ രോഷം. 80 അംഗങ്ങള്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിട്ടും 37 അംഗങ്ങള്‍ മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി പദം നല്‍കേണ്ടി വന്നത് ഇപ്പോഴും സംസ്ഥാനത്തെ കോണ്‍ഗ്രസ്സിന് ദഹിച്ചിട്ടില്ല.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി വരാതിരിക്കാന്‍ മാത്രമാണ് കുമരസ്വാമിയെ സഹിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. അതേസമയം സ്വന്തം പാളയത്തില്‍ നിന്നും എം.എല്‍.എമാര്‍ കൊഴിഞ്ഞ് പോകുന്നതില്‍ പാര്‍ട്ടി ഹൈക്കമാന്റും ആശങ്കയിലാണ്.

ഇതുവരെ 4 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പി പാളയത്തിലെത്തിയത്. ബിജെപിക്ക് കര്‍ണ്ണാടക നിയമസഭയില്‍ 104 അംഗങ്ങളാണുള്ളത്.

ആദായ നികുതി വകുപ്പ് , എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ തുടര്‍ച്ചയായി നടത്തിയ റെയ്ഡുകള്‍ സംസ്ഥാന സര്‍ക്കാറിനെ സഹായിക്കുന്ന ബിസിനസ്സുകാരിലും ഭയം വിതച്ചിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പ് വിധി വന്നശേഷം കര്‍ണ്ണാടക ഓപ്പറേഷന്‍ തുടരാനാണ് ബി.ജെ.പിയുടെ തീരുമാനം.കേന്ദ്രത്തില്‍ വീണ്ടും മോദി വന്നാല്‍ കൂടുതല്‍ എം.എല്‍.എമാര്‍ കളം മാറ്റി ചവിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.അതിന് ഇനി അധികം താമസം ഉണ്ടാകില്ലന്നും നേതൃത്വം കരുതുന്നു.

എന്നാല്‍ യു.പി.എയാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ കര്‍ണ്ണാടക കുതിരക്കച്ചവടത്തില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.

മധ്യപ്രദേശാണ് ബി.ജെ.പി ലക്ഷ്യമിടുന്ന മറ്റൊരു സംസ്ഥാനം നിലവില്‍ ബി.എസ്.പിയുടെ പിന്തുണയോടെ ഭരണം നടത്തുന്ന കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാനും കാവി പടക്ക് പദ്ധതി തയ്യാറാണ്.

രണ്ട് എം.എല്‍.എമാരാണ് ഇവിടെ ബി.എസ്.പിക്ക് ഉള്ളത്. ഇവരെ കൂടെ നിര്‍ത്താന്‍ ഇതിനകം തന്നെ ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ മായാവതി തന്നെ മോദിയെ പിന്തുണക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ 109 സീറ്റ് ബി.ജെ.പിക്ക് നിലവിലുണ്ട്. കോണ്‍ഗ്രസ്സിന് 114 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷമായ 116 തികക്കാന്‍ ബി.എസ്.പിയുടെയും ചില സ്വതന്ത്രരുടെയും പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാറിന് തുണയായിരുന്നത്. ബി.എസ്.പിയേയും സ്വതന്ത്ര എം.എല്‍.എമാരേയും ചില കോണ്‍ഗ്രസ് എം.എല്‍.എമാരേയും വരുതിയിലാക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമം.

മധ്യപ്രദേശിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥി ലോകേന്ദ്ര സിംഗ് രാജ്പുത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സംഭവം ഇവിടെ ബി.എസ്.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

മായാവതി തന്നെ കോണ്‍ഗ്രസ്സ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ റാഞ്ചിയതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മധ്യപ്രദേശിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ബി.എസ്.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര ഭരണം പിടിച്ചാല്‍ കര്‍ണ്ണാടകയേക്കാള്‍ എളുപ്പത്തില്‍ ബി.ജെ.പിക്ക് അട്ടിമറി വിജയം നടത്താന്‍ ഭൗതിക സാഹചര്യമുള്ള സ്ഥലമാണ് മധ്യപ്രദേശ്. മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുള്‍പ്പെടെയുള്ളവരുടെ വസതിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിലൂടെ തന്നെ കേന്ദ്ര പക വ്യക്തമായിരുന്നു.

കാവിക്കോട്ടയായി കരുതിയിരുന്ന മധ്യപ്രദേശില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഷോക്കില്‍ തന്നെയാണ് ഇപ്പോഴും നേതാക്കള്‍. മധ്യപ്രദേശ് ഭരണം തിരിച്ചു പിടിക്കാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് സംഘ പരിവാര്‍ നേതൃത്വവും.

കേന്ദ്രത്തിലെ മോദിയുടെ രണ്ടാം ഊഴം സ്വപ്നം കണ്ടാണ് കാവി പടയുടെ സകല കണക്ക് കൂട്ടലുകളും. കേന്ദ്ര അധികാരം ഉപയോഗിച്ച് പിരിച്ചു വിടുന്നതിനല്ല, എം.എല്‍.എമാരെ അടര്‍ത്തി മാറ്റി സര്‍ക്കാറിനെ വീഴ്ത്തുന്നതിനാണ് അവര്‍ പ്രാമുഖ്യം കൊടുക്കുന്നത്. ഇതിന് ദേശീയ രാഷ്ട്രീയ സാഹചര്യം തുണയാകുമെന്നാണ് പ്രതീക്ഷ.

ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ അധികം താമസിയാതെ മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകള്‍ നിലംപൊത്തുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തിനും നല്ലവണ്ണം ബോധ്യമുണ്ട്. അതു കൊണ്ട് തന്നെയാണ് രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയാവുന്നതിനല്ല ബി.ജെ.പിയെ ഭരണത്തില്‍ നിന്നും പുറത്താക്കുന്നതിനാണ് മുന്‍ഗണനയെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ തന്റെ കുടുംബത്തോട് പക വീട്ടുമെന്ന ഭയവും രാഹുല്‍ ഗാന്ധിക്ക് നിലവിലുണ്ട് . എന്നാല്‍ ഈ ഭയം പോലും രാഹുല്‍ വരുത്തി വച്ചതാണെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള സാഹചര്യം ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയത് തന്നെ കോണ്‍ഗ്രസ്സാണ്. വയനാട്ടില്‍ മത്സരിക്കുക വഴി തെറ്റായ സന്ദേശവും സമൂഹത്തിനു നല്‍കി. എല്ലാം വരുത്തി വച്ച് ഒടുവില്‍ വിലപിചിട്ട് എന്താ കാര്യമെന്ന ചോദ്യവും ഈ സാഹചര്യത്തില്‍ പ്രസക്തം തന്നെയാണ്.

Express Kerala View

Top