ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.

പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് അധ്യക്ഷ പദവിയെ ചൊല്ലി ബിജെപിയില്‍ ഭിന്നതയും രൂക്ഷമായിരുന്നു.

തുടര്‍ന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലായിരുന്നു സുരേന്ദ്രനെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

സുരേന്ദ്രന്‍ യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌.

2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ അറസ്റ്റ്.

തുടര്‍ന്ന് ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Top