ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും

bjp karnataka

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപട്ടികക്ക് അന്തിമരൂപം നല്‍കാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. കോര്‍ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാകും പ്രഖ്യാപിക്കുക.

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് ബിജെപി ശ്രമം. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസുമാണ് ഇതിനകം ഉറപ്പിച്ച സ്ഥാനാര്‍ത്ഥികള്‍. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കൊപ്പം പന്തളം രാജകുടുംബാംഗം ശശികുമാരവര്‍മ്മയെ വീണ്ടും പരിഗണിക്കുന്നതായി വിവരമുണ്ട്.

പാലക്കാട് ശോഭാ സുരേന്ദ്രന്‍, കാസര്‍ഗോഡ് പികെ കൃഷ്ണദാസ്, കോഴിക്കോട് എംടി രമേശ് കണ്ണൂരില്‍ സികെപത്മനാഭന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. ആലപ്പുഴയില്‍ പി.എസ്.സി മുന്‍ ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണനെയും കൊല്ലത്ത് ആനന്ദബോസിനെയും പരിഗണിക്കുന്നുണ്ട്.

കോട്ടയത്താണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്നത്. അതിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ഡല്‍ഹിയില്‍ എത്തും. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തില്‍ ഇതോടെ തീരുമാനമുണ്ടായേക്കും.

അതേസമയം ഡല്‍ഹിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് അമിത്ഷായുമായി ചര്‍ച്ച നടത്തും. തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം അമിത്ഷായെ കാണുന്നത്.

Top