ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ; പ്രഖ്യാപനം നാളെ

മുംബൈ : ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. എന്‍സിപി- ശിവസേന- കോണ്‍ഗ്രസ് യോഗത്തിലാണ് ഉദ്ധവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടെന്ന് ശരദ് പവാര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം പവാര്‍ തന്നെയാണ് ഉദ്ധവ് മുഖ്യമന്ത്രിയാകുന്ന കാര്യവും അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനം അഞ്ചുവര്‍ഷവും ശിവസേനയ്ക്കാണ്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന് എൻസിപിയും, കോൺഗ്രസും വാശിപിടിച്ചിരുന്നു.

നേരത്തെ സർക്കാരിനെ ശിവസേന നയിക്കുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്ന് ഉദ്ധവ് താക്കറെ നിലപാടെടുത്തിരുന്നു. എംഎൽഎമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടെങ്കിലും ഉദ്ധവ് വഴങ്ങിയിരുന്നില്ല.

അന്തിമ തീരുമാനം എടുക്കാനായി മൂന്നു പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഇന്ന് യോ​ഗം ചേര്‍ന്നിരുന്നു. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും യോ​ഗത്തില്‍ പങ്കെടുത്തു. മഹാവികാസ് അഖാ‍ഡി എന്ന പേരില്‍ സഖ്യമുണ്ടാകുമെന്ന് നേരത്തെ തന്നെ ഡല്‍ഹിയില്‍ ധാരണയായിരുന്നു.

ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം. കോണ്‍ഗ്രസിന്‍റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലെ അവ്യക്തത തുടരുകയാണ്.

Top