ബിജെപിയും കോണ്‍ഗ്രസ്സും പ്രമുഖ മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പേരില്‍ നടത്തുന്ന അഭിപ്രായ സര്‍വേകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തളര്‍ന്ന് കിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് ഓരോ സര്‍വേകളെന്നും അത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ കൊണ്ടൊന്നും വീണ് കിടക്കുന്നവര്‍ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സി. ദിവാകരന്‍ വിജയിക്കുമെന്നതാണ് പൊതുവേയുള്ള സംസാരം. ഇത് ചിലരുടെ ഉറക്കം കെടുത്തുന്നത് സ്വാഭാവികം. അങ്ങനെയുള്ളവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പലവഴികളും പ്രയോഗിക്കുമെന്നും, അവര്‍ പ്രമുഖ മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നും. ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബി.ജെ.പിയാണെന്നും തൊട്ടുപിറകില്‍ കോണ്‍ഗ്രസുമുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

തിരുവനന്തപുരത്ത് സി.ദിവാകരന്‍ സ്ഥാനാര്‍ഥിയായി വന്നതോടെ വലിയ ഉണര്‍വുണ്ടായെന്നും അദ്ദേഹം നാട്ടിലെ പ്രിയപ്പെട്ട നായകനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 2004-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ വിജയം എല്‍.ഡി.എഫിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top