കേരളത്തില്‍ ബിജെപിയുടെ വിജയയാത്ര നാളെ തുടങ്ങും, ഉദ്ഘാടനം യോഗി ആദിത്യനാഥ്

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ബിജെപിയുടെ വിജയയാത്രക്ക് നാളെ കാസര്‍കോട് തുടക്കമാകും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് യാത്ര നയിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ‘അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയുടെ യാത്ര.

നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. മാര്‍ച്ച് 6 ന് തിരുവന്തപുരത്ത് യാത്ര സമാപിക്കും. കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷാ സമാപാന ചടങ്ങിനെത്തും. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി.മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍ഡിഎ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ ഉദ്ഘാടന പരിപാടിയില്‍ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വിജയയാത്ര അവസാനിക്കുമ്പോഴേക്കും മെട്രോമാന്‍ ഇ ശ്രീധരനെപ്പോലെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്ന് കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു.

എന്‍ഡിഎ വിട്ടുപോയ ഘടകകക്ഷികള്‍ തിരിച്ചുവരുമെന്നും പി സി തോമസ് വിജയ യാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ കാസര്‍കോട്ടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന അധ്യക്ഷന്‍ ഭാഷാ ന്യൂനപക്ഷ സംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗങ്ങളിലും പങ്കെടുത്തു.

 

Top