മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് സര്‍വേകളില്‍ ബിജെപിക്ക് ആശങ്ക; കളം തിരിച്ചു പിടിക്കാനുള്ള ചര്‍ച്ചകളില്‍ നേതൃത്വം

ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് സര്‍വ്വെകളില്‍ ആശങ്കയുമായി ബിജെപി കേന്ദ്ര നേതൃത്വം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളായി കടുത്ത മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കോണ്‍ഗ്രസ് 146 വരെ സീറ്റ് നേടുമെന്നാണ് സീ ന്യൂസ് സര്‍വ്വെ. 84 മുതല്‍ 98 വരെ സീറ്റിലേക്ക് ബിജെപി ചുരുങ്ങുമെന്നും മറ്റുള്ളവര്‍ അഞ്ച് വരെ സീറ്റ് നേടുമെന്നും സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ് 46 ശതമാനവും ബിജെപി 43 ശതമാനവും മറ്റുള്ളവര്‍ 11 ശതമാനവും വോട്ട് നേടുമെന്ന് സര്‍വ്വെ ഫലം.

ഒരു മാസം മുന്‍പ് കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്ന തരത്തിലുള്ള സര്‍വ്വെകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ബിജെപിയുടെ നില മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലില്‍ ആയിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍ പുതിയ സര്‍വ്വെ ഫലങ്ങളും പ്രതികൂലമായതോടെ കളം തിരിച്ചു പിടിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി നേതൃത്വം നടത്തി. അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടെ ബിജെപി ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. എന്നാല്‍ ജാതി സെന്‍സസ് ആയുധമാക്കി കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ പ്രതിഫലനമുണ്ടാക്കുന്നു എന്നാണ് സര്‍വ്വെ ഫലങ്ങള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 114 സീറ്റാണ് നേടിയത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടെ സ്വന്തം പാളയത്തില്‍ എത്തിച്ച് ബിജെപി അധികാരം പിടിച്ചെടുത്തു. എന്നാല്‍ മറ്റ് ചെറിയ പാര്‍ട്ടികളും മത്സര രംഗത്തുള്ളത് കോണ്‍ഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാറുണ്ട്. എന്നാല്‍ സര്‍വ്വെ ഫലങ്ങള്‍ അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഛത്തീസ്ഗഡില്‍ നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത് തെലങ്കാനയിലും രാജസ്ഥാനിലും മിസോറാമിലുമെല്ലാം സര്‍വ്വെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്.

Top