തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം, സംഘര്‍ഷാവസ്ഥ

തലശ്ശേരി: നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ തലശ്ശേരി ടൗണില്‍ എത്തിയിട്ടുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചു നില്‍ക്കുന്നുണ്ട്. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രണ്ട് ദിവസം മുന്‍പ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തലശ്ശേരി നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഭവം വിവാദമായതിനെ തുടര്‍ന്ന് കണ്ടാലറിയുന്ന 25 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.ഡിപിഐ, യൂത്ത് ലീഗ്, സിപിഎം സംഘടനകള്‍ തലശ്ശേരി ടൗണില്‍ മുദ്രാവ്യം വിളിച്ചിരുന്നു. എസ്ഡിപിഐ പ്രകടനത്തിനിടെ വര്‍ഗ്ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഡിസംബര്‍ ആറാം തീയതി വരെയാണ് നിരോധനാജ്ഞ.

നിരോധനാജ്ഞയുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പ്രകടനങ്ങള്‍ക്ക് നിരോധനിച്ചതായും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഈ നിരോധനാജ്ഞ ലംഘിച്ചും ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ സംഘടിക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തിന്റെ പലഭാഗത്തായി തമ്പടിച്ചു.

സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലത്ത് നിന്നും മാറണമെന്നും അല്ലാത്ത പക്ഷം എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്നും പൊലീസ് ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ബിജെപി പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞു പോയി. അടിയന്തര സാഹചര്യം നേരിടാന്‍ കണ്ണൂര്‍ കമ്മീഷണര്‍ ആര്‍. ഇളങ്കോയുടേയും മൂന്ന് അസി.കമ്മീഷണര്‍മാരുടേയും നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് തലശ്ശേരി നഗരത്തിന്റെ എല്ലാ ഭാഗത്തുമായി ക്യാമ്പ് ചെയ്യുന്നുണ്ട്.

Top