തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് കുത്തേറ്റു

തൃശ്ശൂര്‍: വാടാനപ്പള്ളി തൃത്തല്ലൂരില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് സംഘർഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തൃത്തല്ലൂര്‍ ബീച്ച് വ്യാസനഗറിലെ ബിജെപി പ്രവര്‍ത്തകനായ കണ്ടംചക്കി കിരണി(27)നാണ് കുത്തേറ്റത്. പരിക്കേറ്റ കിരണിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. തൃത്തല്ലൂര്‍ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവര്‍ത്തകര്‍ തമ്മിലാണ് കുഴല്‍പ്പണ കേസിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നത്.

കുഴല്‍പ്പണ കേസില്‍ ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവര്‍ത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ വാക്‌പോര് നടക്കുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച ഉച്ചയോടെ സംഘര്‍ഷമുണ്ടായത്.

വ്യാസനഗറിലെ ബിജെപി പ്രവര്‍ത്തകരായ ചിലര്‍ ഞായറാഴ്ച ഉച്ചയോടെയാണ് കോവിഡ് വാക്‌സിനെടുക്കാനായി തൃത്തല്ലൂര്‍ സി.എച്ച്.സിയില്‍ എത്തിയത്. ഈ സമയം ഏഴാംകല്ലിലെ ചില ബിജെപി പ്രവര്‍ത്തകരും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.

 

Top