IPS ഉദ്യോഗസ്ഥനെ ‘ഖാലിസ്ഥാനി’ എന്ന് വിളിച്ച് BJP പ്രവര്‍ത്തകര്‍ ; വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ ‘ഖാലിസ്ഥാനി’ എന്ന് വിളിക്കുന്ന വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സാമൂഹ്യമാധ്യമമായ എക്‌സിലാണ് മമത വീഡിയോ പങ്കുവച്ചത്. ഖാലിസ്ഥാനി എന്ന പ്രയോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷുഭിതനാകുന്നുണ്ട്.

‘ഞാന്‍ ഇതില്‍ നടപടിയെടുക്കും, ഞാന്‍ തലപ്പാവ് ധരിച്ചതിനാല്‍ നിങ്ങള്‍ ഇത് പറയുന്നു, തലപ്പാവ് ധരിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെവിളിക്കുമോ ഞാന്‍ ഖാലിസ്ഥാനിയാണോ എന്റെ മതത്തെക്കുറിച്ച് നിങ്ങള്‍ക്കിങ്ങനെ പറയാനാകുമോ എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ഖലിസ്ഥാനി എന്ന് വിളിച്ചത്’ തര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. ബിജെപിയുടെ വിഭജന രാഷ്ട്രീയം ഭരണഘടനാപരമായ അതിര്‍വരമ്പുകളെ ലജ്ജയില്ലാതെ മറികടന്നിരിക്കുന്നുവെന്നും ആദരണീയരായ സിഖുകാരുടെ പ്രശസ്തി തകര്‍ക്കാനുള്ള ശ്രമത്തെ അപലപിക്കുന്നതായും മമത ബാനര്‍ജി വ്യക്തമാക്കി.

ബംഗാളിന്റെ സാമൂഹിക ഐക്യം സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. അത് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ കര്‍ശനമായ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപി പൊലീസ് ഉദ്യോഗസ്ഥന്‍ ഭരണഘടനാ പ്രകാരമുള്ള കടമ നിര്‍വഹിക്കുന്നില്ലെന്ന് ആരോപിച്ചു. ഖാലിസ്ഥാനി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പ്രശ്നമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പ്രകാരമല്ല പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ചുമതല നിര്‍വഹിക്കുന്നതെന്നും ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു.

Top