കൊടകര കുഴല്‍പ്പണം ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് എത്തിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണം ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടകരക്കേസില്‍ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ധര്‍മ്മരാജനും ബിജെപി അനുഭാവിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനാണ് കുഴല്‍പണം എത്തിച്ചത്. കേസില്‍ കെ. സുരേന്ദ്രന്‍ അടക്കം 206 സാക്ഷികള്‍ ഉണ്ട്. 21 പ്രതികള്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഴല്‍പ്പണക്കേസിലെ വിവരങ്ങള്‍ ഇ.ഡിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡിയ്ക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണ്. കൊടകര കേസുമായി ബന്ധപ്പെട്ട് റോജി എം.ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കൊടകര കേസുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉദ്ഭവം അടക്കമുള്ള കാര്യങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. അതുകൊണ്ട് ഈ കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സംസ്ഥാനം കൈമാറണമെന്ന ആവശ്യമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ റോജി എം ജോണ്‍ പ്രധാനമായും ആവശ്യപ്പെട്ടത്.

Top