ബിജെപി പ്രവര്‍ത്തകനെ മാവോയിസ്റ്റ് ഹിറ്റ് സ്‌ക്വാഡ് വെട്ടിക്കൊന്നു

റായ്പൂര്‍ : ബിജെപി പ്രവര്‍ത്തകനെ മാവോയിസ്റ്റ് ഹിറ്റ് സ്‌ക്വാഡ് വെട്ടിക്കൊന്നു. ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലാണ് സംഭവം. തിരുപ്പതി കട്ല (40) എന്ന പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഹിറ്റ് സ്‌ക്വാഡ് ആക്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ബസ്തറിലാണ് സംഭവം. ജന്‍പാഡ് പഞ്ചായത്ത് അംഗമായ കട്ല ബീജാപൂര്‍ ജില്ലാ ആസ്ഥാനത്താണ് താമസിച്ചിരുന്നത്. ടോയ്നാര്‍ ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു മാവോയിസ്റ്റ് സംഘം വളയുകയായിരുന്നു. 7 പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ കഠാരയും മഴുവും ഉപയോഗിച്ച് വെട്ടി വീഴ്ത്തുകയായിരുന്നു.

വഴിയാത്രക്കാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് എട്ടാമത്തെ ബിജെപി നേതാവാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്.

Top