ഗവർണറാണ് ശരിയെന്ന് പറയാൻ യുഡിഎഫ് തയ്യാറാകണം : എംടി രമേശ്

കോഴിക്കോട്: കേരളത്തിലെ ഇടത് സർക്കാരിനെ പിൻവാതിലിലൂടെ ബിജെപി പുറത്താക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. സർവകലാശാലകളെ അഴിമതിയുടെ കേന്ദ്രമാക്കാൻ നടക്കുന്ന ആസൂത്രിത ഗൂഡലോചനയുടെ ഭാഗമാണ് ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനമെന്നും എം ടി രമേശ്‌ കുറ്റപ്പെടുത്തി. സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ പിൻവാതിൽ നിയമനത്തിന് ഗവർണർ കൂട്ട് നിൽക്കാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ ചാൻസ്‌ലർ സ്ഥാനത്ത് നീക്കാനുള്ള തീരുമാനം അപകടകരമാണ്. സർവകലാശാലകളെ പാർട്ടി കേന്ദ്രമാക്കാൻ വേണ്ടിയാണു സിപിഎം തീരുമാനം. ഓർഡിനൻസിൽ ഗവർണർ ഒപ്പിടണോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ബീഹാറിൽ പണ്ട് സർവകലാശാലകളിൽ നടന്ന അഴിമതിയെ തുടർന്നാണ് കോൺഗ്രസ്‌ സർക്കാർ താഴെ പോയതെന്നും അക്കാര്യം എല്ലാവരും ഓർക്കണമെന്നും എംടി രമേശ് പറഞ്ഞു.

സംസ്ഥാനത്ത് ഇടത് സർക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷം വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം നിൽക്കുകയുമാണ് ചെയ്യുന്നത്. ആത്മാർത്ഥതയില്ലാത്ത നിലപാടാണ് യുഡിഎഫിന്റേത്. ഗവർണറാണ് ശരിയെന്ന് പറയാൻ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top