‘തീസ്‌രി ബാർ മോദി സർക്കാർ, അബ്കി ബാർ 400 പാർ’: പുതിയ തിരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി ബിജെപി

ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുദ്രാവാക്യവുമായി ബിജെപി. ‘തീസ്‌രി ബാർ മോദി സർക്കാർ, അബ്കി ബാർ 400 പാർ’ (മൂന്നാം തവണയും മോദി സർക്കാർ, ഇത്തവണ 400 കടക്കും) എന്നാണ് മുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് ബിജെപിയുടെ സുപ്രധാന യോഗം ചൊവ്വാഴ്ച ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രവർത്തകർക്ക് പുതിയ മുദ്രാവാക്യം നൽകിയതെന്നാണ് റിപ്പോർട്ട്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അശ്വിനി വൈഷ്ണവ്, മൻസുഖ് മാണ്ഡവ്യ തുടങ്ങി നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ രാജ്യം മുഴുവൻ സന്ദർശിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ജനുവരി 22 മുതലാണ് മോദിയുടെ പര്യടനം ആരംഭിക്കുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ‘നല്ല ദിനങ്ങൾ വരുന്നു’ എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. 2019ല്‍ ‘വീണ്ടും മോദി സർക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Top