ബിജെപി എംപിമാരുടെ പെരുമാറ്റത്തിന് ക്ലാസ്; ‘അഭ്യാസ് വര്‍ഗ’ ഇന്നും നാളെയും

ന്യൂഡല്‍ഹി: എംപിമാര്‍ എങ്ങനെ പെരുമാറണമെന്നതിന് ക്ലാസുമായി ബിജെപി. ‘അഭ്യാസ് വര്‍ഗ’ എന്ന് പേരിട്ടിരിക്കുന്ന എംപിമാരുടെ പരിശീലന പരിപാടി ഓഗസ്റ്റ് മൂന്ന്, നാല് തിയതികളില്‍ പാര്‍ലമെന്റ് ലൈബ്രറിയില്‍ വച്ച് നടക്കും. പാര്‍ട്ടിയുടെ എല്ലാ എംപിമാര്‍ക്കും പാര്‍ലമെന്ററി ഓഫീസിന്റെ നിര്‍ദ്ദേശമുണ്ട്.

രണ്ടുദിവസമായി നടക്കുന്ന പരിശീലനപരിപാടിയില്‍ വിവിധ സെഷനുകളിലായി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ എന്നിവരും എംപിമാരുമായി സംവദിക്കും.

എംപിമാര്‍ എങ്ങിനെ പാര്‍ലമെന്റിലും പുറത്തും പെരുമാറണമെന്നും പൊതുപ്രവര്‍ത്തനത്തില്‍ എങ്ങിനെ ഇടപെടണമെന്നതുമായ വിഷയത്തിലാണ് പരിശീലനം നല്‍കുന്നത്. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും വിജയിച്ച ഗൗതം ഗംഭീറും ഗോരഖ്പൂരില്‍ നിന്നും ജയിച്ച രവി കൃഷ്ണനും പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ എത്തിയതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.

Top