‘ബിജെപി കേരളത്തില്‍ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും വിജയിക്കും’ പ്രകാശ് ജാവദേക്കര്‍

ദില്ലി:അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. എൻഡിഎ മുന്നണി വിപുലപ്പെടുത്തുന്നതിനായി വിവിധ പാർട്ടികളുമായി ചർച്ചകൾ തുടരുകയാണ്, വൈകാതെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. കേന്ദ്രസർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക ക്യാംപെയിന്‍ രണ്ട് മാസത്തിനകം പൂർത്തിയാകും. വിഷുവിന് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ വീട്ടിൽ വിരുന്നൊരുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പറഞ്ഞു.

കേരളത്തിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികൾ നിഴൽയുദ്ധം നടത്തുകയാണ്. എൽഡിഎഫ് സർക്കാർ എന്നത് കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യങ്ങൾ, സ്വജനപക്ഷപാതം എന്നിവയുടെ കൂടിച്ചേരലാണെന്നും ജാവദേക്കര്‍ പറഞ്ഞു. ജനങ്ങൾ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കും. നരേന്ദ്രമോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണയുണ്ട്. പക്ഷേ 12 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എല്ലാ വിഭാഗം ജനങ്ങളിക്കും ബിജെപി എത്തുകയാണ്. വൈകാതെ കേരളത്തിൽ ബിജെപി ഒരു നിർണായക ശക്തിയാകും. കാരണം കേരളം കൂടുതൽ നല്ലത് അർഹിക്കുന്നുണ്ട്. കേരളത്തിലെ 1.5 കോടി പേർക്ക് ഇരുപത് മാസമായി സൗജന്യമായി കേന്ദ്രം 5 കിലോ അരി നൽകുന്നു. 2023 ലും ഇത് തുടരും. എല്ലാവർക്കും 140 കിലോ അരിവരെ സൗജന്യമായി ലഭിച്ചു. ഇത് പിണറായിയുടെ അരിയല്ല, മോദിയുടെ അരിയാണ്. ജനങ്ങൾക്ക് ഇത് അറിയാമെന്നും ജാവദേക്കര്‍ പറഞ്ഞു.

Top