BJP will take the lead to down the Oommen chandy government

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവയ്പ്പിച്ച് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണത്തിന് ബിജെപി നീക്കം.

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ ചുവടുപിടിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാധ്യത തേടുന്നത്.

മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി ഏത് സാഹചര്യത്തിലാണെന്ന് സത്യവങ്മൂലത്തിലൂടെ വ്യക്തമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് സര്‍ക്കാരിനും തിരിച്ചടിയാണ്.

കേരളത്തില്‍ ഹിന്ദു ഐക്യമുണ്ടാക്കി എസ്എന്‍ഡിപിയുടെ പിന്തുണയോടെ നിയമസഭയില്‍ വന്‍മുന്നേറ്റമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം പയറ്റുന്നത്.

ബാര്‍കോഴക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്താല്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ മൊഴികളിലും കേസെടുക്കേണ്ടി വരും.

ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും ആരോഗ്യമന്ത്രി ശിവകുമാറിനും ഈ നീക്കം തിരിച്ചടിയാകും. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട അവസ്ഥ വരുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കുന്ന രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും നല്‍കാവുന്ന ഏറ്റവും നല്ല തിരിച്ചടിയാവും കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ പതനമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്.

ബാര്‍ കോഴക്കേസ് സിബിഐയുടെ കൈപ്പിടിയിലായാല്‍ കോണ്‍ഗ്രസിന് പ്രഹരമേല്‍പ്പിക്കുക എന്നതിലപ്പുറം കേരള കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പറ്റുമെന്ന കാഴ്ചപ്പാടും ബിജെപി നേതൃത്വത്തിനുണ്ട്.

നിലവിലെ ഹൈക്കോടതി കേസില്‍ തന്നെ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയെകൊണ്ട് റിപ്പോര്‍ട്ട് നല്‍കിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അല്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്യേണ്ടതുണ്ട്. ബാര്‍കോഴക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു കാരണവശാലും സിബിഐ അന്വേഷണം ആവശ്യപ്പെടില്ലെന്നിരിക്കെ കോടതി വഴി നേരിട്ട് കേസെടുപ്പിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 24 എംഎല്‍എമാരെ സൃഷ്ടിക്കാനുള്ള കര്‍മ്മപരിപാടികള്‍ക്കാണ് ആര്‍എസ്എസ് നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് നേരിട്ടെത്തിയാണ് കേരളത്തിലെ മഠാധിപതിമാരുമായും ഹിന്ദു സംഘടനകളുമായും ചര്‍ച്ച നടത്തിയത്.

Top