ത്രിപുരയില്‍ വരെ സി.പി.എമ്മിനെ പുറത്താക്കി, പിന്നെയാണോ കേരളത്തിലെ ഭരണം: ബിപ്ലവ്

അഗര്‍ത്തല: ബി.ജെ.പി സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഈ തിരഞ്ഞെടുപ്പോടെ ത്രിപുരയില്‍ സി.പി.എമ്മിന്റെ അടിവേര് ഇളകും. രാജ്യത്ത് മോദി തരംഗം സുനാമി പോലെ ആഞ്ഞടിക്കുമെന്നും മറ്റുള്ളവരെല്ലാം കടപുഴകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ത്രിപുര 25വര്‍ഷമായി ഭരിച്ച സി.പി.എമ്മിനെയാണ് ഇവിടെ പുറത്താക്കിയത്. ത്രിപുരയില്‍ സി.പി.എം ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതിയതാണോ കേരളം അത്രയൊന്നുമില്ലല്ലോ ഈ തെരഞ്ഞെടുപ്പോടെ ത്രിപുരയില്‍ സിപിഎമ്മിന്റെ അടിവേര് ഇളകു’മെന്നും ബിപ്ലവ് കുമാര്‍ വ്യക്തമാക്കി.

‘നരേന്ദ്രമോദിയിലൂടെ ത്രിപുര മുക്തമായിരിക്കുകയാണ്. ബി.ജെ.പിയും, കോണ്‍ഗ്രസും, സി.പി.എമ്മും ഒന്നുമല്ല ഇവിടെ വിഷയം. ജനങ്ങള്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു എന്നതാണ്’ ബിപ്ലവ് പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇരുപത് സീറ്റെങ്കിലും നേടും ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതലും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് രാഹുല്‍ എവിടെ നിന്ന് മത്സരിക്കുന്നുവെന്നത് ബിജെപിയെ ബാധിക്കുന്ന കാര്യമല്ലെന്നും എവിടെയാണെങ്കിലും രാഹുല്‍ ഗാന്ധി തന്നെയല്ലേ മത്സരിക്കുന്നതെന്നുമായിരുന്നു ബിപ്ലബിന്റെ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ട്രെയിലറാകും. ബിപ്ലബ് കുമാര്‍ ദേബ് കൂട്ടിച്ചേര്‍ത്തു.

Top