കേരളത്തിലും കോണ്‍ഗ്രസ്സിനെ ബി.ജെ.പി വിഴുങ്ങുമെന്ന് ഡി.വൈ.എഫ്.ഐ അധ്യക്ഷന്‍

ആലപ്പുഴ: കേരളത്തിലും സംഘപരിവാര്‍ കോണ്‍ഗ്രസിനെ ‘വിഴുങ്ങുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്.ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പറ്റിയ മനംമാറ്റം ഇപ്പാള്‍ കേരളത്തിലേക്കും പടര്‍ന്നു കഴിഞ്ഞു.

നേതാക്കളുടെ നിലപാട് സ്വയം കുഴി തോണ്ടുന്നതിന് ഇടയാക്കുമെന്ന് കണ്ട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ്സിലെ സെക്യുലര്‍ മനസ്സുകള്‍ രംഗത്ത് വരണം. അത്തരക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നാല്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് വ്യക്തമാക്കി. അരൂരില്‍ ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ചോര്‍ന്നത് മൃദു ഹിന്ദുത്വ സമീപനം മൂലമാണ്. ആ ചരിത്രമാണ് ഇപ്പോള്‍ കേരളത്തിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്.കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിക്ക് വേണ്ടിയാണ് ചാരപ്പണി നടത്തുന്നത്.ഈ നിലപാടില്‍ പ്രതിഷേധമുള്ള യൂത്ത് കോണ്‍ഗ്രസ്സുകാരെ ഡി.വൈ.എഫ്.ഐ യിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ട്രഷറര്‍ പി.ബിജു സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി മനു സി.പുളിക്കന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

DYFI,SFI

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഉരുണ്ടു കൂടിയ അഭിപ്രായ ഭിന്നത രാഷ്ട്രീയമായി ആയുധമാക്കുന്നതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രസ്താവനയെ വിലയിരുത്തപ്പെടുന്നത്.

സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുന്നോട്ട് പോകുമ്പോള്‍ കോണ്‍ഗ്രസ്സ് ഇരുട്ടില്‍ തപ്പുന്നത് അണികള്‍ക്കിടയില്‍ തന്നെ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.സ്വന്തം വോട്ട് ബാങ്ക് ഉറപ്പിച്ച് നിര്‍ത്തുന്നതോടൊപ്പം തന്നെ യു.ഡി.എഫിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വോട്ട് ബാങ്കല്‍ വിള്ളല്‍ വീഴ്ത്താനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്നത് ഭരണപക്ഷത്തിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.ബി.ജെ.പി ദേശീയ അധ്യക്ഷനെതിരായ പിണറായി വിജയന്റെ പ്രസംഗം ദേശീയ തലത്തില്‍ തന്നെ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Top