ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷവുമായി ബിജെപി അധികാരത്തില്‍ തിരിച്ചു വരുമെന്ന് മോദി

modi

ന്യൂഡല്‍ഹി : 2014ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി വരുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ മഹാസഖ്യം പരാജയപ്പെട്ട ആശയമാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന കെട്ടുറപ്പുളള ഒരു ഭരണകൂടത്തെയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പ്രതിപക്ഷത്തിന്റെ മഹാസഖ്യം ആശയപരമായ പിന്‍ബലമില്ലാത്ത രാഷ്ട്രീയമായ എടുത്തു ചാട്ടം മാത്രമാണ്. ‘വികസനം വേഗത്തില്‍.. എല്ലാവര്‍ക്കും’ എന്നതായിരിക്കും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

എന്ത് കാരണത്തിന്റെ പേരിലായാലും ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ കുറ്റകൃത്യങ്ങളാണെന്നും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച കോണ്‍ഗ്രസ്, 1972ലും 1982ലും അധികാരത്തിലിരുന്നപ്പോള്‍ അവര്‍ തന്നെയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതിലൂടെ കുറ്റകരമായ വീഴ്ചയാണ് വരുത്തിയതെന്ന് മോദി ആരോപിച്ചു.

റാഫേല്‍ യുദ്ധവിമാന കരാറിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക്, ദേശതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ആരോപണങ്ങളാണ് ചിലര്‍ നടത്തുന്നതെന്നും, രണ്ട് സര്‍ക്കാരുകള്‍ തമ്മിലുളള തികച്ചും സുതാര്യമായ കരാറാണ് റാഫേലെന്നും മോദി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

Top