ഷാ വഴിമാറി, ഇനി ജെപി യുഗം; ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് അമിത് ഷാ

പുതിയ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജെപി നദ്ദയ്ക്ക് കീഴില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച്, വിപുലമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ മറ്റ് എതിരാളികള്‍ ഇല്ലാതെ വന്നതോടെ ഏകപക്ഷീയമായാണ് ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് നദ്ദ എത്തിച്ചേര്‍ന്നത്.

‘ജെപി നദ്ദയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, താങ്കളുടെ നേതൃത്വവും ചേര്‍ന്ന് ബിജെപി കൂടുതല്‍ ശക്തവും, കൂടുതല്‍ വിശാലവുമാകും’, അമിത് ഷാ ട്വീറ്റ് ചെയ്തു. നദ്ദയുടെ സംഘടനാപാടവവും, അനുഭവസമ്പത്തും പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൂടാതെ പുതിയ റെക്കോര്‍ഡുകളും സൃഷ്ടിക്കും, ഷാ കൂട്ടിച്ചേര്‍ത്തു.

നദ്ദയുടെ നേതൃത്വത്തില്‍ എല്ലാ ബിജെപി പ്രവര്‍ത്തകരും സംഘടനയ്‌ക്കൊപ്പം നടക്കുകയും ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് നദ്ദയെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചത്. ബിജെപി ദേശീയ അധ്യക്ഷനെന്ന നിലയില്‍ ലഭിച്ച സ്‌നേഹത്തിനും, പിന്തുണയ്ക്കും അമിത് ഷാ നന്ദിയും രേഖപ്പെടുത്തി.

മഹത്തായ സംഘടനയില്‍ അഞ്ച് വര്‍ഷക്കാലം അധ്യക്ഷനായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നാണ് കരുതുന്നതെന്നും ഷാ പ്രതികരിച്ചു. തനിക്കൊപ്പം പാറ പോലെ ഉറച്ചുനിന്ന എല്ലാ ആക്ടിവിസ്റ്റുകള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നില്‍ ചുക്കാന്‍ പിടിച്ച ചാണക്യനെന്ന വിശേഷണം നേടിയ ഷാ അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടതോടെ അല്‍പ്പം ക്ഷീണത്തിലാണ്. ഇതിന് പുറമെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നത്.

Top