കാവിപ്പടയുടെ വൻ മുന്നേറ്റം ബംഗാളിൽ, ചുവപ്പിന്റെ വില തിരിച്ചറിഞ്ഞ് അവർ . .

മ്മ്യൂണിസ്റ്റുകളുടെ മേല്‍ക്കോയ്മ എവിടെയൊക്കെ നഷ്ടമാകുന്നുവോ അവിടെയൊക്കെ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ ആധിപത്യം പുലര്‍ത്തും എന്നത് ഇപ്പോള്‍ ബംഗാളിലും ചരിത്രമാവുകയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ശക്തമായ മുന്നേറ്റത്തില്‍ പകച്ചു നില്‍ക്കുകയാണ് ഇവിടെ മമത ബാനര്‍ജി ഭരണകൂടം.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്രക്ക് തടയിട്ട് കാലിനടിയിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ മമത നടത്തുന്ന നീക്കങ്ങളും തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയിരിക്കുകയാണ് ബി.ജെ.പി.

പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിന്റെ വാഹനം കൂച്ച് ബെഹാര്‍ ജില്ലയില്‍ ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചതും ബി.ജെ.പി പിടിവള്ളിയാക്കിയിട്ടുണ്ട്. രഥയാത്രയില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തിയ ദിലീപ് ഘോഷ് സംഭവത്തിന് പിന്നില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ആരോപിക്കുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയം മുതല്‍ മമത പയറ്റുന്ന ന്യൂനപക്ഷ പ്രീണന നയത്തിനെതിരായ മുന്നേറ്റമാണ് ബംഗാളില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ് കാവിപടയുടെ അവകാശവാദം.

അതേസമയം, മുന്‍പ് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയായ മമതയുടെ നീക്കങ്ങള്‍ കേവലം വോട്ട് തട്ടാന്‍ വേണ്ടിയുള്ളത് മാത്രമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിന് കേന്ദ്രത്തില്‍ ആദ്യം കൈ പൊക്കുക മമത ആയിരിക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മിനെ സംബന്ധിച്ച് മറ്റു സംശയങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അവര്‍ ആകെ പരിഭ്രാന്തിയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

സി.പി.എമ്മിന്റെ നേത്യത്വത്തിലുള്ള ഇടതുപക്ഷം അധികാരത്തില്‍ ഉള്ള സമയത്ത് ഒരു ചെറു ഭീഷണി പോലും സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല എന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ തന്നെ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അയോദ്ധ്യയില്‍ തര്‍ക്ക സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ആര്‍.എസ്.എസ് തന്നെ ആവശ്യപ്പെട്ട സാഹചര്യത്തില്‍ വീണ്ടും കലാപ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ആശങ്കയിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍.

ബാബറി മസ്ജിതിന്റെ താഴിക കുടങ്ങള്‍ തകര്‍ത്തപ്പോള്‍ യുപിയില്‍ നിന്നും പടര്‍ന്ന കലാപതീ ബംഗാളില്‍ കനത്ത നാശം വിതക്കാതെ തടഞ്ഞ സാഹചര്യമല്ല ഇപ്പോള്‍ വംഗനാട്ടിലുള്ളത്. ഇവിടുത്തെ ചുവന്ന മണ്ണിനെ ഇപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും സ്വന്തം വളക്കൂറുള്ള മണ്ണാക്കി മാറ്റി കഴിഞ്ഞു.

42 അംഗങ്ങളെ ലോക് സഭയിലേക്ക് സംഭാവന ചെയ്യുന്ന ബംഗാളിനെ പൂര്‍ണ്ണമായും കാവി വല്‍ക്കരിക്കാനാണ് സാക്ഷാല്‍ അമിത് ഷാ തന്നെ രഥയാത്രയുമായി രംഗ പ്രവേശനം ചെയ്തിരിക്കുന്നത്.

ഇവിടെ മമത തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ എല്ലാം ഒടുവില്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ബി.ജെ.പി സംസ്ഥാനത്ത് ശക്തമായ വേരുറപ്പിച്ച് കഴിഞ്ഞതായി രാഷ്ട്രിയ നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

നന്ദിഗ്രാം വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വൈകാരികമായി ഉപയോഗപ്പെടുത്താന്‍ മമതക്കും തൃണമൂലിനും കഴിഞ്ഞതോടെയാണ് ബംഗാള്‍ ഭരണം ഇടതുപക്ഷത്തിന് കൈമോശം വന്നത്.

തുടര്‍ച്ചയായി 34 വര്‍ഷമായി തുടരുന്ന ഒരേ വിഭാഗത്തിന്റെ ഭരണം മാറി പുതിയ സംവിധാനം വരണമെന്ന പുതിയ തലമുറയുടെ ആഗ്രഹവും ചുവപ്പ് രാഷ്ട്രീയത്തിന്റെ തിരിച്ചടിക്ക് മറ്റൊരു പ്രധാന കാരണമാണ്.

അട്ടിമറി വിജയം നേടി അധികാരത്തില്‍ വന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് നടത്തിയ വേട്ടയാടലില്‍ ഗ്രാമങ്ങള്‍ വിട്ട് ആയിരകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.

പിടിച്ചെടുത്ത സി.പി.എം ഓഫീസുകള്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഓഫീസാക്കി മാറ്റിയും നിയമവാഴ്ചയെ മമതയുടെ അനുയായികള്‍ വെല്ലുവിളിച്ചു. നിരവധി സി.പി.എം പ്രവര്‍ത്തകരാണ് സമാനതകളില്ലാത്ത തൃണമൂല്‍ ക്രൂരതയില്‍ ബംഗാളില്‍ പിടഞ്ഞു വീണത്.

തൃണമൂല്‍ ഭരണത്തില്‍ നടന്ന ആക്രമണങ്ങളും തൃണമൂല്‍ നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളും ആയുധമാക്കി ബി.ജെ.പി കേന്ദ്രഭരണം ഉപയോഗിച്ച് ബംഗാളില്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകളുമാണ് കാവി പടക്ക് ബംഗാളില്‍ സ്വാധീനം വര്‍ദ്ധിക്കാന്‍ വഴി ഒരുക്കിയത്. ഗോവധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തിച്ച് നിര്‍ത്തി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാനും സംഘപരിവാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തിയിരുന്നത്.

ചുവപ്പ് രാഷ്ട്രീയം പകര്‍ന്ന് നല്‍കിയ രാഷ്ട്രീയ ബോധത്തിനും അപ്പുറം സാമുദായിക രാഷ്ട്രീയമാണ് പുതുതലമുറയില്‍ സംഘപരിവാറും തൃണമൂലം ഇപ്പോള്‍ പയറ്റുന്നത്. ഇതാണ് ബംഗാളിന്റെ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്.

രാഷ്ട്രീയ ഇന്ത്യക്ക് നിരവധി മഹാന്‍മാരെ സമ്മാനിച്ച സാംസ്‌കാരിക സംസ്ഥാനം ഇപ്പോള്‍ വര്‍ഗ്ഗീയ ചേരിതിരിവിന്റെയും ആക്രമണങ്ങളുടെയും വിളനിലമായി മാറി കഴിഞ്ഞിരിക്കുന്നു.

സംഘപരിവാറിന്റെ തേരോട്ടത്തെ പിടിച്ചുകെട്ടാന്‍ മമത ബാനര്‍ജിയുടെ ‘പൊടിക്കൈ’ പ്രയോഗം കൊണ്ടു നടക്കില്ലെന്ന് വിശ്വസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ചുവപ്പ് രാഷ്ട്രീയത്തിന്റെ വില ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ഇടതുപക്ഷ സര്‍ക്കാറുകളാണ് സംസ്ഥാനത്ത് ഭരണത്തിലെങ്കില്‍ ഒരിക്കലും കാവി പടക്ക് ഭീഷണി ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ പരമ്പരാഗതമായി ചുവപ്പ് രാഷ്ട്രീയത്തിനോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ കാണിച്ച മമത കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിയോടാണ് ഈ വിഭാഗത്തിലെ ഭൂരിപക്ഷവും കാണിച്ചിരുന്നത്. ഇത് അബദ്ധമായി പോയെന്ന തോന്നല്‍ പ്രമുഖ മുസ്ലീം നേതാക്കള്‍ക്കിടയില്‍ തന്നെ ഇപ്പോഴുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇടതുപക്ഷ ഭരണം പോകുന്നതോടെ നാട്ടില്‍ അരാജകത്വം പടരുമെന്ന പാര്‍ട്ടി മുന്നറിയിപ്പ് ഇപ്പോള്‍ ശാശ്വതമായില്ലേ എന്നാണ് സി.പി.എം നേതാക്കളും ചോദിക്കുന്നത്.

ബി.ജെ.പിക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിനും എതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രചരണങ്ങളും നടത്തി ലേറ്റായാലും ലേറ്റസ്റ്റായി തന്നെ ബംഗാളില്‍ വീണ്ടും ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍.

Top