ഗുസ്തി സമരം; നിലപാടു മാറ്റാൻ നിർബന്ധിതരായി ബിജെപി

ന്യൂഡൽഹി : ബിജെപിയുടെ വനിതാ എംപി പ്രീതം മുണ്ടെയുൾപ്പെടെയുള്ളവർ ഗുസ്തിക്കാർക്ക് അനുകൂലമായി രംഗത്തു വന്നത് ബ്രിജ്ഭൂഷൺ ശരൺസിങ് വിഷയത്തിൽ നിലപാടു മാറ്റാൻ ബിജെപിയെ നിർബന്ധിതരാക്കുന്നു. അയോധ്യയിൽ തിങ്കളാഴ്ച നടത്താനിരുന്ന സന്യാസിമാരുടെ റാലി മാറ്റാനുള്ള കാരണത്തിനു പിന്നിൽ ഇതാണെന്നറിയുന്നു.

ജനവികാരം ഗുസ്തിക്കാർക്ക് അനുകൂലമാണെന്നു യുപിയിലെ തന്നെ പ്രമുഖ നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി പാർട്ടി ഈ വിഷയത്തിൽ നിശ്ശബ്ദത പാലിക്കുകയാണെങ്കിലും സൈബർ വിങ് ബ്രിജ്ഭൂഷണു വേണ്ടി രംഗത്തിറങ്ങിയിരുന്നു.

അഭിമാനതാരങ്ങളെ ദേശദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ശ്രമം, നിർഭയ കേസ് മൻമോഹൻ സിങ് സർക്കാരിനു തിരിച്ചടിയായതു പോലെ ഇതും മാറാനിടയാക്കുമോ എന്ന ആശങ്കയും ചില നേതാക്കൾ പങ്കുവയ്ക്കുന്നു. പോക്സോ കേസ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട സന്യാസിമാരിൽ രാമക്ഷേത്ര നിർമാണ ട്രസ്റ്റിലെ അംഗങ്ങളുമുൾപ്പെട്ടിരുന്നു.

സമരത്തെക്കുറിച്ചു ബിജെപിയുടെ വനിതാ നേതാക്കൾ മൗനം പാലിക്കുന്നതിനിടെയാണ് മുൻമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളും മഹാരാഷ്ട്രയിൽ നിന്നുളള എംപിയുമായ ഡോ.പ്രീതം മുണ്ടെ ഗുസ്തിക്കാർക്കു പിന്തുണയുമായി വന്നത്. സഹ എംപികൂടിയായ ബ്രിജ്ഭൂഷണിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും ഗുസ്തി ഫെഡറേഷനെ വിമർശിക്കുകയും ചെയ്തു. കൂടുതൽ കായികതാരങ്ങൾ പിന്തുണയുമായി വന്നതോടെ ജനവികാരം തിരിച്ചടിക്കുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്.

ബ്രിജ്ഭൂഷണെതിരായ എഫ്ഐആറിലെ വിവരങ്ങൾ പുറത്തു വന്നത് അതിന്റെ പേരിൽ ബ്രിജ്ഭൂഷണെ ഒതുക്കാമെന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. യുപിയിലെ 5 പാർലമെന്റ് മണ്ഡലങ്ങളിലും അയോധ്യ, ഗോണ്ട മേഖലകളിലും വലിയ സ്വാധീനമുള്ള ബ്രിജ്ഭൂഷൺ ഉടക്കിയാൽ അതു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നതിനാൽ ബിജെപി നേതാക്കളാരും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

Top