ബംഗാളിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, പൊലീസ് നോക്കി നിന്നു: അമിത് ഷാ

amith-sha

ന്യൂഡല്‍ഹി: ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടപ്പോള്‍ ബംഗാള്‍ പൊലീസ് നോക്കി നിന്നെന്നും മറ്റൊരിടത്തും ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് അക്രമം ഉണ്ടാകുമെന്ന വിവരം ഉണ്ടായിരുന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് അമിത്ഷാ ആരോപണം ഉന്നയിച്ചു.

വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് നിഷ്പക്ഷ ഇലക്ഷന്‍ ഉറപ്പ് വരുത്തണം,അമിത്ഷാ വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

കൊല്‍ക്കത്തയില്‍ റാലി നടത്തുന്നതിനിടെ അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകളും വടികളും എറിഞ്ഞതാണ് സംഘര്‍ഷത്തിനു തുടക്കം. തുടര്‍ന്ന് ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നവോത്ഥാന നായകനായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള കോളജിലെ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂലിന്റെ ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശിയിരുന്നു.

Top