‘ജയ് ശ്രീറാമിന്റെ റേറ്റിംഗ് കുറയുന്നു; ബി ജെ പിയെ പരിഹസിച്ച് തൃണമൂൽ എം.എൽ.എ

കൊൽക്കത്ത: ലോക്സഭാ ഇലക്ഷന് പിന്നാലെ ബിജെപിക്ക് തൃണമൂൽ കോൺഗ്രസിന്റെ വക ശക്തമായ തിരിച്ചടി . ബംഗാളിൽ ശ്രീരാമനെ പുകഴ്ത്തിക്കൊണ്ടുള്ള ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യത്തിന് ജനപ്രീതി കുറഞ്ഞുവെന്നും ‘ജയ് മാ കാളി’യ്ക്കാണ് ഇപ്പോൾ ടി.ആർ.പി റേറ്റിങ് കൂടുതലെന്നും തൃണമൂൽ എം.എൽ.എ പറഞ്ഞു. ബി ജെ പിയെ ലക്‌ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന തൃണമൂൽ എം.എൽ.എ അഭിഷേക് ബാനർജി പുറപ്പെടുവിച്ചത്.

‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉപയോഗിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അദ്ധ്യക്ഷയുമായ മമത ബാനർജിയുടെ നയങ്ങൾക്കെതിരെ ബി.ജെ.പി. വ്യാപകമായി വിമർശനം അഴിച്ചുവിട്ടിരുന്നു.’ജനങ്ങൾ എന്നോട് പറഞ്ഞു, ജയ് ശ്രീറാമിനൊപ്പം ജയ് മാ കാളിയും മുദ്രാവാക്യമായി ഉപയോഗിക്കാൻ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനായ ദിലീപ് ഘോഷ് അണികളോട് ആവശ്യപ്പെട്ടുവെന്ന്. ഞാൻ അവരോടു പറഞ്ഞു. മമത ബാനർജി ഇവിടെ ഉണ്ട്. അതുകൊണ്ടാണ് ശ്രീറാമിന്റെ ടി.ആർ.പി. താഴേക്ക് പോയതെന്നും, കാളിയുടെ റേറ്റിംഗ് ഉയർന്നതെന്നും’- അഭിഷേക് പറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ ഉയരുമ്പോഴും കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജയ് ശ്രീറാം’എന്നാണ് ഉത്തരം നൽകുന്നതെന്നും ‘ജയ് ഹിന്ദ്, ജയ് ബംഗ്ലാ, വന്ദേ മാതരം എന്നാണു തങ്ങളുടെ മുദ്രാവാക്യമെന്നും അഭിഷേക് പറഞ്ഞു.ബി.ജെ.പിയും അതിന്റെ നേതാക്കളും ഗൂഢലക്ഷ്യം വെച്ചുകൊണ്ടാണ് ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നതെന്ന് മമത ഇതിനു മുൻപും വിമർശിച്ചിരുന്നു.

Top