കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ‘കേരള’ മാര്‍ക്‌സിസ്റ്റ് ആകുമോ ? ത്രിപുരയും ബി.ജെ.പിക്കെന്ന് !

അഗര്‍ത്തല: കമ്യൂണിസ്റ്റ് ത്രിപുര ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.

ആക്സിസ് മൈ ഇന്ത്യ സര്‍വേ സര്‍വേഫലം അനുസരിച്ച് ആകെയുള്ള 60 സീറ്റില്‍ 44 മുതല്‍ 50 വരെ സീറ്റുകള്‍ നേടി ബിജെപി ത്രിപുര ഭരിക്കും. ഇടതുപക്ഷത്തിന് 9 മുതല്‍ 15 വരെ സീറ്റുകളാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

നാഗാലാന്‍ഡ്, മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ഫലം പുറത്തുവിട്ടത്.

60 അംഗ ത്രിപുര നിയമസഭയിലെ 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ ചരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്.

സി.പി.എം 57 സീറ്റിലും ബി.ജെപി 51 സീറ്റിലുമാണ് വോട്ട് തേടിയിട്ടുള്ളത്. കോണ്‍ഗ്രസ് 59 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

ആദിവാസി, ഗോത്ര വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ത്രിപുരയില്‍ ആധിപത്യം നേടാന്‍ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) എന്ന പ്രാദേശിക പാര്‍ട്ടിയുമായി കൈകോര്‍ത്താണ് ബി.ജെ.പിയുടെ പോരാട്ടം. ഒമ്പത് സീറ്റില്‍ ഐപിഎഫ്ടി മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 50 സീറ്റാണ് ഇടതുപക്ഷം നേടിയത്. കോണ്‍ഗ്രസ് പത്തും നേടിയിരുന്നു. 1.54 ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 40 ലക്ഷം ജനസംഖ്യയുള്ള ത്രിപുരയില്‍ 25.33 ലക്ഷമാണ് വോട്ടര്‍മാര്‍.

അഭിപ്രായ സര്‍വേ ഫലം ശരിയായാല്‍ അത് സി.പി.എമ്മിനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാകും. മുപ്പത് വര്‍ഷത്തോളമായി സിപിഎം ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷത്തിന് വിജയിക്കുന്ന സംസ്ഥാനമാണിത്.

ബംഗാളിന് പുറമെ ചെങ്കോട്ടയായ ത്രിപുരയും നഷ്ടപ്പെടുന്നതോടെ രാജ്യത്തെ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടും.

കേരളത്തില്‍ മാത്രം ഭരണത്തില്‍ ഒതുങ്ങുന്ന പാര്‍ട്ടിയെ അപ്പോഴാണ് ശരിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ‘കേരള’ മാര്‍ക്‌സിസ്റ്റ് എന്ന് വിളിക്കേണ്ടി വരിക.

സീതാറാം യച്ചൂരി കേരളത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ ഓര്‍മ്മിപ്പിച്ചത് തിരിച്ച് അവര്‍ക്കും ഓര്‍മ്മപ്പെടുത്തേണ്ടി വരും. അതായിരുന്നു ശരിയെന്ന്..

കേരള രാഷ്ട്രീയത്തിലും ത്രിപുര ഫലം നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കും

Top