പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാസിര്‍ഘട്ടില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ബംഗാളില്‍ ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് 3പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 12 മണിക്കൂര്‍ ബന്ദ് നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തത്.

തൃണമൂല്‍ അക്രമത്തിനെതിരെ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് കരിദിനം ആചരിക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ കെ.എന്‍ ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മൃതദേഹങ്ങളുമായി വിലാപ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് പാതി വഴിയില്‍ തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായിരുന്നു. തുടര്‍ന്ന് റോഡരികില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതേ സമയം സുരക്ഷാ കാരണങ്ങള്‍ മൂലമാണ് മൃതദേഹം വിട്ടു നല്‍കാത്തതെന്നാണ് പൊലീസിന്റെ വാദം. 12ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

Top