തമിഴകവും തെലങ്കാനയും കീഴടക്കാന്‍ ബി.ജെ.പി, പ്രതിരോധിച്ച് കേരളവും !

2021-ല്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശക്തമായ മത്സരം നടക്കാന്‍ പോകുന്ന സംസ്ഥാനമാണ് തമിഴ്നാട്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നിലപാട് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് രാഷ്ട്രീയം തന്നെ കലങ്ങി മറഞ്ഞിരിക്കുകയാണ്. ഡിസംബര്‍ 31 ന് രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടെ നിലവിലെ സമവാക്യങ്ങളാണ് തകരുക. ബി.ജെ.പിയുടെ ആത്മീയ രാഷ്ട്രീയം തന്നെയാണ് രജനിയും തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ പോകുന്നത്. അമിത് ഷായുടെ ചെന്നൈ ദൗത്യമാണ് രജനിയുടെ പ്രഖ്യാപനത്തോടെ ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.

ബി.ജെ.പിക്ക് പുറമെ അണ്ണാ ഡി.എം.കെയും രജനിയോട് സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളില്‍ മോദി സര്‍ക്കാറിന് ശക്തമായ പിന്തുണ നല്‍കിയ താരമാണ് രജനീകാന്ത്. ഇതു തന്നെയാണ് ബി.ജെ.പിയെ രജനിയോട് അടുപ്പിച്ചിരിക്കുന്നത്. എം.ജി.ആറിനും ജയലളിതക്കും ശേഷം സിനിമാ അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലിറങ്ങുന്ന താരമാണ് രജനി ഇവരുടെ പിന്തുടര്‍ച്ച തന്നെയാണ് സൂപ്പര്‍സ്റ്റാറും ലക്ഷ്യമിടുന്നത്. ഡി.എം.കെ നേതാവ് കരുണാനിധി കൂടി അന്തരിച്ചതോടെ കടുത്ത നേതൃദാരിദ്ര്യമാണ് തമിഴകം നിലവില്‍ നേരിടുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിനാണ്. രജനി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായാകും ഇനി പ്രതിപക്ഷത്തിന് പ്രധാനമായും ഏറ്റുമുട്ടേണ്ടി വരിക.

ബി.ജെ.പിക്ക് മാത്രമല്ല അണ്ണാ ഡി.എം.കെയിലെ പ്രബല വിഭാഗത്തിനും രജനിയുടെ പാര്‍ട്ടിയോട് സഹകരിക്കേണ്ടി വരും. അതല്ലങ്കില്‍ അവര്‍ ചിത്രത്തില്‍ പോലും ഉണ്ടാകുകയില്ല. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ഇതിനകം തന്നെ സഖ്യത്തിന് തയ്യാറാണെന്ന് രജനിയെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. നേരിട്ട് ഡി.എം.കെ മുന്നണിയോട് ഏറ്റുമുട്ടിയാല്‍ തിരിച്ചടി ലഭിക്കുമെന്ന് കണ്ടാണ് രജനിയെ മുന്‍നിര്‍ത്തി ബി.ജെ.പി പരീക്ഷണം നടത്തുന്നത്. ആര്‍.എസ്.എസ് സൈതാദ്ധികന്‍ ഗുരുമൂര്‍ത്തിയാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തിയിരുന്നത്. സാമ്പത്തികമായും അല്ലാതെയും വലിയ സഹായമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം രജനിയുടെ പുതിയ പാര്‍ട്ടിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ പോലും ചുവടുറപ്പിക്കാന്‍ കഴിഞ്ഞതും ബി.ജെ.പിയുടെ തമിഴകത്തെ നീക്കങ്ങള്‍ക്ക് വേഗത നല്‍കിയിട്ടുണ്ട്.

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമാണ് കാവിപ്പട നടത്തിയിരിക്കുന്നത്. ഇവിടെ പ്രചരണത്തിനെത്തിയ യു.പി മുഖ്യമന്ത്രി ആദിത്യനാഥും യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യയും പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയിരുന്നത്. രാഷ്ട്രീയത്തിനും അപ്പുറം മറ്റു പലതും ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. തമിഴകത്ത് ബി.ജെ.പി പുറത്തെടുക്കാന്‍ പോകുന്നതും ഈ ഹിന്ദുത്വ കാര്‍ഡ് തന്നെയാണ്. ‘വേല്‍യാത്ര’ ഇതിന്റെ സൂചനയാണ്. അദ്വാനിയുടെ രഥയാത്രക്ക് സമാനമായ ഒരു ഏകീകരണമാണ് ‘വേല്‍യാത്ര’ വഴി ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകം മാത്രമാണ് ബി.ജെ.പി ഭരണത്തിലുള്ളത്.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാന ഭരണം പിടിക്കുമെന്നതാണ് ബി.ജെ.പിയുടെ അവകാശവാദം. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ഈ പ്രഖ്യാപനം. രജനിയെ മുന്‍ നിര്‍ത്തിയാല്‍ തമിഴ്‌നാട് ഭരണവും പിടിച്ചെടുക്കാന്‍ പറ്റുമെന്നാണ് കാവിപ്പട നിലവില്‍ കണക്ക് കൂട്ടുന്നത്. ഇത് കഴിഞ്ഞാല്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ ആന്ധ്രയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതേസമയം തെലങ്കാനയിലെ ബി.ജെ.പി മുന്നേറ്റം ഇപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്റെയും ചങ്കിടിപ്പിച്ചിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ചതിനാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇപ്പോള്‍ അനുഭവിക്കുന്നത്. ജഗന്‍ മോഹനെ കാത്തിരിക്കുന്നതും ഇനി ഇതേ അവസ്ഥ തന്നെയാണ്.

രാജ്യസഭയില്‍ വിവാദ ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രത്തെ പിന്തുണച്ചത് അബദ്ധമായിപ്പോയെന്ന് ഇപ്പോഴാണ് ശരിക്കും ഇരുവര്‍ക്കും തോന്നിയിട്ടുണ്ടാകുക. ബി.ജെ.പിയുടെ നയങ്ങളെ പിന്തുണയ്ക്കുക വഴി കാവി രാഷ്ട്രീയത്തിന് അനുകൂലമായ വിത്തുകളാണ് തെലുങ്ക് മണ്ണില്‍ ചന്ദ്രശേഖര റാവുവും ജഗന്‍മോഹനും പാകിയിരിക്കുന്നത്. തമിഴകത്ത് രജനി പാകാന്‍ പോകുന്നതും ഇതു തന്നെയാണ്. ഇതോടെ ദക്ഷിണേന്ത്യയും ബി.ജെ.പിയുടെ കൈപ്പിടിയിലാകും.

അപകടകരമായ ഈ നീക്കത്തെ ചെറുത്ത് നില്‍ക്കുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ഇവിടെ വിദ്വേഷത്തിന്റെ വിത്തുകള്‍ മുളക്കില്ലെന്ന് തിരിച്ചറിയുന്ന പരിവാര്‍ നേതൃത്വം കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെയാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണയ്ക്കുന്നത്. വിചിത്രമായ നിലപാടാണിത്. കാവിയോട് സന്ധി ചെയ്യാത്ത ഒരേയൊരു രാഷ്ട്രീയം നിലവില്‍ ചുവപ്പ് രാഷ്ട്രീയം മാത്രമാണ്. പ്രത്യോയ ശാസ്ത്രപരമായ കരുത്തുറ്റ നിലപാട് കൂടിയാണിത്.

Top