ബിജെപി ആരോപണങ്ങള്‍ തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിയ്ക്കും;അഭിഷേക് ബാനര്‍ജി

കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി. ഒരു കുടുംബത്തിലെ ഒരാളെ മാത്രമേ രാഷ്ട്രീയത്തില്‍ അനുവദിക്കൂ എന്ന് നിയമനിര്‍മ്മാണം നടത്താന്‍ അഭിഷേക് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായായിരുന്നു പ്രതികരണം.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയാണ് ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എം.പിയായ അഭിഷേക് ബാനര്‍ജി. ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിലക്കുന്ന ബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കണമെന്നും അങ്ങനെയാണെങ്കില്‍ അടുത്ത നിമിഷം രാഷ്ട്രീയ രംഗത്ത് നിന്ന് മാറിനില്‍ക്കുമെന്നും അഭിഷേക് പ്രതികരിച്ചു.

ബി.ജെ.പിയിലാണ് കുടുംബ വാഴ്ച നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ ബി.ജെ.പി പറഞ്ഞുനടക്കുന്ന ആരോപണങ്ങള്‍ നേരാണെന്ന് തെളിയിച്ചാല്‍ പരസ്യമായി തൂങ്ങിമരിക്കുമെന്നും അഭിഷേക് പറഞ്ഞു.

ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ ബംഗാള്‍ പിടിച്ചെടുക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ എത്തിയതാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ ബംഗാള്‍ തുടര്‍ന്നും തങ്ങള്‍ തന്നെ ഭരിക്കുമെന്നാണ് തൃണമൂലിന്റെ വാദം.

 

Top