ബിജെപിയില്‍ പോയ തൃണമൂല്‍ നേതാക്കള്‍ക്ക് നേരെ കരിങ്കൊടി വീശി അണികള്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ കരിങ്കൊടി കാട്ടി തൃണമൂല്‍ പ്രവര്‍ത്തകര്‍. തൃണമൂല്‍ എം.പിയായിരുന്ന സുനില്‍ മൊണ്ടേലിന്റെ വാഹനം തടഞ്ഞുകൊണ്ടാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. ബി.ജെ.പി ഓഫീസിലേക്ക് സ്വീകരണ പരിപാടിക്ക് പോകുംവഴിയായിരുന്നു തൃണമൂല്‍ നേതാക്കള്‍ വണ്ടിക്ക് മുന്നിലേക്ക് എടുത്തുചാടിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കവേയാണ് തൃണമൂല്‍ നേതാക്കളുടെ ഈ മറുകണ്ടം ചാടല്‍. ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് രാജിവെച്ച സുവേന്തു അധികാരിയും ബി.ജെ.പിയിലേക്ക് മാറിയിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

എന്നാല്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരുതരത്തിലും നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറയുന്നത്. രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി പാടുപെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top