ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ : ഉന്നാവോ പീഡനക്കേസ് പ്രതി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബിജെപിയുടെ നടപടി.

അതിനിടെ, ബി.ജെ.പി എം.എല്‍.എക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലാക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ഉന്നാവോ കേസിലെ പരാതിക്കാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെഴുതിയ കത്തില്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് പെണ്‍കുട്ടി കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കത്തെഴുതി ദിവസങ്ങള്‍ക്കുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അതേസമയം കുല്‍ദീപിനെതിരെ പരാതി നല്‍കാന്‍ പോയപ്പോള്‍ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എഫ്‌ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുല്‍ദീപ് ജയിലില്‍നിന്ന് ഫോണില്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുവിനെ കാണുന്നതിനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കുല്‍ദീപ് സിങ് സെന്‍ഗാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലിലാണ്.

Top