നിര്‍ണായക മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് ബിജെപി; ജനസമ്മതരല്ലാത്ത എംഎല്‍എമാര്‍ പുറത്ത് !

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പായി നിര്‍ണായക മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് ബിജെപി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഏഴ് സംസ്ഥാനങ്ങളിലും വമ്പന്‍ മാറ്റങ്ങളാണ് ബി ജെ പി നടപ്പാക്കാന്‍ പോകുന്നത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന പൊതുജനസമ്മതരല്ലാത്ത എംഎല്‍എമാരെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടാണ് പാര്‍ട്ടി നേതൃത്വം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.

പഞ്ചാബ്, മണിപൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഈ ഏഴ് സംസ്ഥാനങ്ങളിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് സര്‍വേ നടത്തിയിരുന്നു. കൂടാതെ എല്ലാ പാര്‍ട്ടി എംഎല്‍എ മാരോടും തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. സര്‍വേ ഫലവും എം എല്‍ എമാരുടെ റിപ്പോര്‍ട്ടും വിശദമായി പഠിച്ച ശേഷം മാത്രമായിരിക്കും ഏതെല്ലാം എംഎല്‍എമാര്‍ മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കണമെന്ന് തീരുമാനിക്കുക എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു

എംഎല്‍എ ഫണ്ട് വിനിയോഗവും വിവിധ കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ സ്വീകരിച്ച നടപടികളും കൊവിഡ് സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ രീതികളുമെല്ലാം വിശദമായി അവലോകനം ചെയ്ത ശേഷം മാത്രമായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ ഇവരെ വീണ്ടും മത്സരിപ്പിക്കണമോ വേണ്ടയോ എന്ന തീരുമാനം നേതൃത്വം സ്വീകരിക്കുക.

ഗുജറാത്തിലെ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ ദേശീയ നേതൃത്വം അത്ര തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പലയിടത്തും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം കൂടിയായതിനാല്‍ ഗുജറാത്ത് ഇലക്ഷനില്‍ ഏതെങ്കിലും രീതിയിലുള്ള തിരിച്ചടി നേരിട്ടാല്‍ അത് രാജ്യവ്യാപകമായി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നതും നേതൃത്വത്തെ ആശങ്കാകുലരാക്കുന്നുണ്ട്. ഗുജറാത്തില്‍ നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ബിജെപി വിജയ് രുപാനിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ വളരെ ഗൗരവത്തോടെയാണ് ബിജെപി സമീപിക്കുന്നത്.

Top