ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

yogi-new

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ വരാണസിയിലും അയോധ്യയിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയാണ് ഇവിടങ്ങളില്‍ നേട്ടമുണ്ടാക്കിയത്. മഥുരയില്‍ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആര്‍എല്‍ഡിയും വിജയംകൊയ്തു.

വരാണസി ജില്ലാ പഞ്ചായത്തിലെ 40 സീറ്റുകളില്‍ എട്ടിടത്ത് മാത്രമേ ബിജെപിക്ക് ജയിക്കാന്‍ സാധിച്ചുള്ളൂ.സമാജ് വാദി പാര്‍ട്ടി 14 സീറ്റുകള്‍ നേടി. ബിഎസ്പി അഞ്ചിടത്തും ജയിച്ചു. അപ്‌നാദള്‍ (എസ്) മൂന്ന് സീറ്റു നേടി. ആം ആദ്മി പാര്‍ട്ടിക്കും ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടിയില്ല. മൂന്ന് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. മഥുരയിലും ബിജെപി എട്ട് സീറ്റിലൊതുങ്ങി. ഇവിടെ ബിഎസ്പി 12 സീറ്റിലും ആര്‍എല്‍ഡി ഒമ്പത് സീറ്റിലും ജയിച്ചു. അതേ സമയം എസ്പിക്ക് ഒരിടത്ത് മാത്രമേ മഥുരയില്‍ ജയക്കാന്‍ സാധിച്ചിട്ടുള്ളൂ. 40 സീറ്റുള്ള അയോധ്യ ജില്ലാ പഞ്ചായത്തില്‍ 24 സീറ്റുകള്‍ നേടി എസ്പി തൂത്തുവാരി. ബിജെപി ആറിലൊതുങ്ങി. ബാക്കി സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്.

ബിജെപിക്ക് രാഷ്ട്രീയപരമായി നിര്‍ണായകമായ മൂന്ന് ജില്ലകളിലാണ് തിരിച്ചടി നേരിടേണ്ടി വന്നത്. യോഗി ആദ്യത്യനാഥ്‌സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷക്കാലം ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയായി.

 

Top