bjp statement

ഡല്‍ഹി: പാകിസ്ഥാന്‍ താരങ്ങള്‍ അഭിനയിച്ച ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് അവര്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബിജെപി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അമര്‍ജീത് മിശ്രയാണ് ഇക്കാര്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ധൊലാക്യ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ‘റയീസ്’, കരണ്‍ ജോഹറിന്റെ പുതിയ ചിത്രം ‘യെ ദില്‍ ഹേ മുഷ്‌കില്‍’ എന്നിവയ്ക്ക് നേരെയാണ് ഭീഷണി.

‘റയീസി’ല്‍ ഷാരൂഖിന്റെ ടൈറ്റില്‍ കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്നത് പാകിസ്ഥാന്‍ താരമായ മഹിറാഖാന്‍ ആണ്. കരണ്‍ ജോഹറിന്റെ ‘യെ ദില്‍ ഹേ മുഷ്‌കിലി’ല്‍ പാക് താരമായ ഫവാദ് ഖാനും അതിഥിതാരമായി എത്തുന്നുണ്ട്.

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ താരങ്ങള്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന ആവശ്യവുമായി നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയും രംഗത്തെത്തിയിരുന്നു.

ബോളിവുഡിലെ നിര്‍മ്മാതാക്കളോടും സംവിധായകരോടും പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് റോളുകള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇതിനകം കത്തയച്ചിട്ടുണ്ട്.

അവരുടെ ഹൃദയം പാകിസ്ഥാനുവേണ്ടിയാണ് തുടിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടിയല്ല. അവര്‍ ഇവിടെ ജോലി ചെയ്യുന്നത് ഞങ്ങള്‍ക്ക് നേരെയുള്ള പരിഹാസമായാണ് തോന്നുന്നതെന്നും ബിജെപി കത്തിലൂടെ പറയുന്നു.

Top