രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ, പാര്‍ട്ടിയെ നയിക്കാനുള്ള കഴിവില്ലെന്ന് ബിജെപി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്, ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണെന്നും ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ലെന്നുമാണ് നളിന്‍ കുമാര്‍ തുറന്നടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരെ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

അതേസമയം, രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കുതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരെ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമര്‍ശം വന്നതില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചെങ്കിലും പുതിയ വിവാദത്തിനാണ് ബിജെപി തിരികൊളുത്തിയിരിക്കുന്നത്.

Top